തൃശൂർ: മെഡിക്കൽ കോളേജിൽ അതിക്രമിച്ച് കയറി എസി കത്തിച്ച് യുവാവ്. സെക്യൂരിറ്റിയെ പൂട്ടിയിട്ട ശേഷമാണ് ഇയാൾ മെഡിക്കൽ കോളേജിലെ കോൺഫറൻസ് ഹാളിലെത്തി എസി കത്തിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചരയ്‌ക്കാണ് സംഭവം. ഗ്യാസ് സിലിണ്ടറും ചുറ്റികയുമായാണ് യുവാവ് സ്ഥലത്തെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് അലുമിനി ഓഡിറ്റോറിയത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ സർജന്മാരുടെ കോൺഫറൻസ് നടക്കാനിരിക്കെയാണ് സംഭവം.
ഓഡിറ്റോറിയത്തിലെ ഗ്ലാസ് ഇയാൾ അടിച്ചുതകർത്തു. ശേഷം ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് എസി കത്തിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് ഡോക്‌ടർമാർ എത്തി പ്രതിയെ തടഞ്ഞുവച്ചു. ആക്രമത്തിനിടെ കയ്യിൽ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോൺഫറൻസിനായി അധികമായി വച്ചിരുന്ന എസിയിൽ ഒന്നാണ് യുവാവ് കത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |