കൊച്ചി: കേരളത്തിലെ 1,157 അഭിഭാഷകർ അയോഗ്യതാ നിഴലിൽ. ബാർ കൗൺസിൽ ഒഫ് ഇന്ത്യ നടത്തുന്ന അഖിലേന്ത്യാ പരീക്ഷ പാസാകാത്തതാണ് കാരണം. കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിൽനിന്ന് ഇവരെ വിലക്കാൻ വ്യവസ്ഥയുണ്ടെന്നറിയിച്ച് ബാർ കൗൺസിൽ ഒഫ് കേരള അഭിഭാഷക സംഘടനകൾക്ക് കത്തയച്ചു. അയോഗ്യത നേരിടുന്നവരുടെ പേരുകൾ സഹിതമാണ് 13ന് കത്തയച്ചത്. 2010 ജൂലായ് മുതൽ 2021 ഡിസംബർവരെ എൻറോൾ ചെയ്തവരാണിവർ. പട്ടികയിലുള്ളവർക്ക് നോട്ടീസും നൽകി. ബാർ കൗൺസിൽ ഒഫ് ഇന്ത്യയുമായുള്ള ധാരണപ്രകാരം ഇവർക്ക് പരീക്ഷയെഴുതാൻ ഒരവസരം കൂടി ലഭ്യമാകും. ആക്ഷേപമുള്ളവർ ഒരു മാസത്തിനകം വിശദീകരണം നൽകണം. അതുവരെ ഇവർക്ക് പ്രാക്ടീസ് ചെയ്യാം.
2010ലാണ് അഭിഭാഷകരായി എൻറോൾ ചെയ്യുന്നവർ കോടതികളിൽ കേസ് നടത്തണമെങ്കിൽ, ഓൾ ഇന്ത്യ ബാർ എക്ലാമിനേഷൻ(എ.ഐ.ബി.ഇ) പാസാകണമെന്ന ചട്ടം നിലവിൽ വന്നത്. രണ്ടു വർഷത്തിനകം പരീക്ഷ പാസാകണം. അതുവരെ പ്രാക്ടീസ് ചെയ്യാം. ഒരിക്കൽ പാസായില്ലെങ്കിൽ വീണ്ടും അവസരം നൽകും. ആറുമാസത്തിലൊരിക്കൽ രാജ്യത്തെ 50 കേന്ദ്രങ്ങളിൽ പരീക്ഷ നടത്താറുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ഒടുവിൽ ഫലം വന്നത്. ചട്ടം നിലവിൽ വന്നശേഷം 19 പരീക്ഷകൾ നടന്നിട്ടുണ്ട്.
ഓൾ ഇന്ത്യ ബാർ എക്ലാമിനേഷൻ
അഭിഭാഷകവൃത്തിയിൽ നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഭരണഘടന, പീനൽകോഡ്, ക്രിമിനൽ നടപടിച്ചട്ടം, കുടുംബനിയമം, തെളിവ് നിയമം തുടങ്ങി 19 വിഷയങ്ങളിലായി 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. 100 മാർക്ക്. പുസ്തകം തുറന്ന് വച്ച് പരീക്ഷയെഴുതാം. പാസായാൽ ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് നൽകും. 2010ന് മുമ്പ് എൻറോൾ ചെയ്തവർക്ക് ബാധകമല്ല.
രണ്ടുവർഷം കഴിഞ്ഞിട്ടും പരീക്ഷ പാസാകാത്തവരുടെ പ്രാക്ടീസ് വിലക്കാനാകും. എന്നാൽ ഈ ഘട്ടത്തിൽ അത്തരം നടപടിയില്ല. വീണ്ടും അവസരം നൽകും.
- അഡ്വ. ടി.എസ്.അജിത്, ചെയർമാൻ,
ബാർ കൗൺസിൽ ഒഫ് കേരള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |