പിടിച്ച തുക സ്വാശ്രയ കോളേജുകൾക്ക്
തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പഠനാവശ്യത്തിനെന്ന പേരിൽ സർക്കാർ വാങ്ങിയ അധിക തുക അതതു കോളേജ് മാനേജ്മെന്റുകൾക്ക് തിരിച്ചുനൽകാൻ സുപ്രീം കോടതി ഉത്തരവ്. ഓരോ സീറ്റിനുമുള്ള 20 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം വീതമാണ് ഫണ്ടിലേക്ക് മാറ്റുന്നത്. ഇത് സ്കോളർഷിപ്പായി നൽകുന്നു.
കോർപ്പസ് ഫണ്ടിലുള്ള തുക മൂന്നു മാസത്തിനകം കൈമാറണം. കോളേജുകൾ ബി.പി.എൽ വിദ്യാർത്ഥികൾക്കായി തുക വിനിയോഗിക്കണം. അക്കാര്യം സർക്കാർ ഉറപ്പുവരുത്തണം. ഒടുവിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ തുക സർക്കാരിൽ അടച്ചിട്ടില്ലെങ്കിൽ, നേരിട്ട് കാേളേജുകൾക്ക് കൈമാറണം.
അതേസമയം, സർക്കാരിന് കോർപസ് ഫണ്ടിലേക്ക് ഈ തുക സമാഹരിക്കാനും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനും നിയമനിർമ്മാണം നടത്താമെന്ന ഹൈക്കോടതി നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. സർക്കുലർ വഴിയാണ് നേരത്തേ നടപ്പാക്കിയത്.
പിടിച്ചതുക തിരിച്ചു നൽകേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മെഡിക്കൽ മാനേജ്മെന്റുകളും വിദ്യാർത്ഥികളും സമർപ്പിച്ച ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. കോഴിക്കോട്ടെ കെ.എം.സി.ടി മെഡിക്കൽ കോളേജിനായി അഡ്വ. ഹാരിസ് ബീരാനും, സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷന് വേണ്ടി അഡ്വ. പി.എസ്. സുൽഫിക്കൽ അലിയും ഹാജരായി.
അധികം വാങ്ങിയെങ്കിൽ
തിരിച്ചുകൊടുക്കണം
ബി.പി.എൽ വിദ്യാർത്ഥികളിൽ നിന്ന് സബ്സിഡി നിരക്കിലുള്ള ഫീസ് മാത്രമേ ഈടാക്കാവൂ. അധികഫീസ് വാങ്ങിയിട്ടുണ്ടെങ്കിൽ മൂന്ന് മാസത്തിനകം കോളേജുകൾ തിരികെ നൽകണം. അതേസമയം, കേരളത്തിൽ സസ്ബിഡി ഫീസ് ഇല്ലാത്തതിനാൽ ഇതു പ്രായോഗികമല്ല.
പോംവഴി നിയമനിർമ്മാണം
എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് കൂടിയ ഫീസ് വാങ്ങാമെന്നും നിശ്ചിത തുക ബി.പി.എൽ വിഭാഗത്തിനായി ഉപയോഗിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. 2017-18ൽ ഫീസ് നിർണയ സമിതിയുടെ ശുപാർശചെയ്ത പ്രകാരം കേരളത്തിൽ നടപ്പാക്കി. 20 ലക്ഷം എൻ.ആർ.ഐ ഫീസിൽ നിന്ന് 15 ലക്ഷം കോളേജുകൾക്കും 5 ലക്ഷം സർക്കാരിന്റെ കോർപസ് ഫണ്ടിലേക്ക് അടയ്‌ക്കാനും സർക്കുലർ ഇറക്കി.
എൻട്രൻസ് കമ്മിഷണറുടെ അക്കൗണ്ടിൽ എത്തിയ തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നകുട്ടികൾക്ക് സ്കോളർഷിപ്പായി നൽകുകയായിരുന്നു. നിയമനിർമ്മാണം വഴി കോർപസ് ഫണ്ട് പുനഃസ്ഥാപിച്ച് സ്കാേളർഷിപ്പ് പദ്ധതി തുടർന്നില്ലെങ്കിൽ, സർക്കാർ മെഡിക്കൽ കോളേജിലെ സീറ്റുകൾ മാത്രമേ പാവപ്പെട്ടവർക്ക് ആശ്രയിക്കാൻ കഴിയൂ. നേരിട്ട് എൻ.ആർ. ഐ തുക വാങ്ങുന്ന സ്വാശ്രയ കോളേജുകൾ എത്രപേർക്ക് പ്രവേശനം നൽകുമെന്ന് വ്യക്തമല്ല.
3000
സ്വാശ്രയ മെഡി.സീറ്റുകൾ
450
ബി.പി.എൽ വിഭാഗത്തിന്
അർഹതയുള്ള സീറ്റ്
20 കോടി
കോർപ്പസ് ഫണ്ടിൽ
ബാക്കിയുള്ളത്
45 കോടി
സ്കോളർഷിപ്പായി
നൽകിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |