തിരുവനന്തപുരം: ഒഴുക്കിനെതിരെ നീന്തി വിജയിക്കുന്ന അപാരമായ കർമ്മശേഷിയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രത്യേകതയെന്ന് മന്ത്രി വി.എൻ.വാസവൻ. കുത്തഴിഞ്ഞുകിടന്ന പുസ്തകം പോലെയായിരുന്ന സമുദായത്തെ കുത്തിക്കെട്ടി അടുക്കും ചിട്ടയും വരുത്തിയ സമുദായ സംഘടനാ നേതാവാണ് അദ്ദേഹം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തീകരിച്ച വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ കേരളകൗമുദി സംഘടിപ്പിച്ച ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൂന്നുപതിറ്റാണ്ടായി സംഘടനയുടെ ജനറൽ സെക്രട്ടറി പദത്തിൽ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാൻ വെള്ളാപ്പള്ളി നടേശനല്ലാതെ മറ്റാർക്കും കഴിയില്ല. ടി.എൻ.ശേഷൻ ഇലക്ഷൻ കമ്മിഷണർ ആകുന്നതുവരെ ആ പദവിയുടെ വിലയും അന്തസും ബോധ്യമാകാതിരുന്നതു പോലെ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവിയുടെ മഹത്വം എല്ലാവരും തിരിച്ചറിഞ്ഞത് വെള്ളാപ്പള്ളി ജനറൽ സെക്രട്ടറിയായതിന് ശേഷമാണ്.
എല്ലാവരും ഔദ്യോഗിക രംഗത്തുനിന്നും വിരമിക്കുന്ന പ്രായത്തിലാണ് അദ്ദേഹം ത്യാഗപൂർണമായ പ്രവർത്തനവുമായി സമുദായ സംഘടനാ നേതാവാകുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനം, ജീവകാരുണ്യ പ്രവർത്തനം, മൈക്രോഫിനാൻസ്, സംഘടനയുടെ വളർച്ച തുടങ്ങി വിവിധ ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യബോധം,നിശ്ചയദാർഢ്യം,സേവനസന്നദ്ധത, ത്യാഗമനോഭാവം, ഏതുപ്രതിസന്ധിയെയും മറികടക്കാനുള്ള ധൈര്യം എന്നിവയെല്ലാം അദ്ദേഹത്തിന് കൈമുതലായുണ്ട്.
വിമർശനങ്ങൾക്ക് കുറിക്കുകൊള്ളുന്ന ഭാഷയിലാണ് മറുപടി. ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണ ഗുരുവിന്റെ മഹത് സന്ദേശം പിന്തുടർന്നാണ് പ്രവർത്തനം. സമുദായത്തിലെ ചോദ്യം ചെയ്യാത്ത നേതൃത്വമാണ് അദ്ദേഹത്തിന്റേത്. വിശ്വാസ്യതയാണ് അദ്ദേഹത്തിന്റെ മൂലധനമെന്നും മന്ത്രി പറഞ്ഞു.
'കേരളകൗമുദിയുടേത്
വികസന കാഴ്ചപ്പാട്'
സാമ്രാജ്യത്വ വിരുദ്ധ സമരമുഖങ്ങളിൽ, അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി തൂലിക പടവാളാക്കിയ പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി വാസവൻ പറഞ്ഞു. വികസന വീക്ഷണങ്ങളിൽ വിശാല കാഴ്ചപ്പാടോടെ മുന്നോട്ടുവന്ന് വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ പ്രാവർത്തികമാക്കുന്നതിന് സർക്കാരിനോടൊപ്പം നിന്ന് നിലപാട് സ്വീകരിച്ച പത്രമാണ്. കോട്ടയത്തെ മേൽപ്പാല നിർമ്മാണം പലരും എതിർത്തപ്പോൾ അതിന് അനുകൂലമായ നിലപാട് സ്വീകരിച്ച പത്രമാണ് കേരളകൗമുദിയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |