തിരുവനന്തപുരം: നീല അസ്ഥികളും പച്ച രക്തവുമുള്ള തവള! അരുണാചൽ പ്രദേശിൽ നിന്നാണ് ഡൽഹി സർവകലാശാല ഗവേഷകർ അപൂർവയിനത്തെ കണ്ടെത്തിയത്. ഏഷ്യയിലുടനീളമുള്ള റാക്കോഫോറിഡേ (Rhacophoridae) കുടുംബത്തിൽ ഉൾപ്പെട്ട ഇവയുടെ പേര് ഗ്രാസിക്സലസ് (Gracixalus) എന്നാണ്. ഇന്ത്യയിൽ കണ്ടെത്തുന്നത് ആദ്യം. തെക്കുകിഴക്കൻ ഏഷ്യ, മഡഗാസ്‌കർ, തെക്കേ അമേരിക്ക തുടങ്ങി ലോകത്ത് കാണുന്ന ചുരുക്കം ചില സ്പീഷീസുകൾക്ക് മാത്രമാണ് ഈ സവിശേഷ സ്വഭാവമുള്ളത്.
ഏഷ്യയിൽ വിയറ്റ്നാം, ലാവോസ്, ദക്ഷിണ ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാസിക്സലസ് ജനുസിലെ രണ്ട് മരത്തവള ജനുസുകൾക്ക് മാത്രമാണ് ഈ സവിശേഷതയുള്ളത്. ഡൽഹി സർവകലാശാല പ്രൊഫസറും വിഖ്യാത തവള ഗവേഷകനുമായ സത്യഭാമദാസ് ബിജുവെന്ന എസ്.ഡി.ബിജുവിന്റെ വിദ്യാർത്ഥിയായ തേജ് ടാജോ, അരുണാചൽ പ്രദേശിലെ ഉഭയജീവികളെക്കുറിച്ച് നടത്തിയ പിഎച്ച്.ഡി ഗവേഷണത്തിന്റെ ഭാഗമായാണ് ഈയിനത്തെ കണ്ടെത്തിയത്. നീല അസ്ഥികളും പച്ച രക്തവുമുള്ള പട്കായ് പച്ച മരത്തവളയെ (Gracixalus patkaiensis) 2022ൽ ഇന്ത്യയിലെ നംദാഫ നാഷണൽ പാർക്കിൽ കണ്ടെത്തിയിരുന്നു.
ഇന്ത്യയ്ക്ക് മറ്റൊരു
ചൈനീസ് ഇനം
അരുണാചൽ പ്രദേശിലെ ലോവർ സുബൻസിരി, ലോവർ ദിബാംഗ് വാലി പ്രദേശങ്ങളിലെ ഫീൽഡ് സർവേകളിൽ മറ്റൊരു സ്പീഷീസിൽപ്പെട്ട കൂട്ടത്തെയും സംഘം കണ്ടെത്തി. ഗ്രാസിക്സലസ് മെഡോജെൻസിസ് എന്നറിയപ്പെടുന്ന മെഡോഗ് ചെറിയ മരത്തവള. 1984ൽ ടിബറ്റിലെ മെഡോഗ് മേഖലയിൽ നിന്നാണ് ഈ ഇനത്തെ ആദ്യം കണ്ടെത്തിയത്.
ഇന്ത്യൻ ഉഭയജീവികളെക്കുറിച്ചുള്ള എന്റെ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ പഠനങ്ങളിൽ
ഇന്ത്യയിൽ എവിടെയും ഇത്തരമൊരു തവളയെ കണ്ടിട്ടില്ല.
- എസ്.ഡി.ബിജു,
ഡൽഹി സർവകലാശാല പ്രൊഫസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |