തിരുവനന്തപുരം: ഒരേസമയം പ്രതിഭയെന്നും പ്രതിഭാസമെന്നും വിളിക്കാവുന്ന വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശനെന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകൊണ്ട് വിദ്യാഭ്യാസ വികസനത്തിന്റെയും, സാമൂഹ്യ സേവനത്തിന്റെയും, സമുദായ ഐക്യത്തിന്റെയും പുതിയൊരു അദ്ധ്യായം അദ്ദേഹം എഴുതിച്ചേർത്തു.
അദ്ദേഹത്തിന്റെ പ്രവർത്തനത്തിനിടെ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 53ൽ നിന്ന് 143 ആയി. യോഗത്തിനു കീഴിൽ പുതിയ 23 കോളേജുകളും 28 സ്കൂളുകളും ഉയർന്നു. എസ്.എൻ.ഡി.പി യൂണിയനുകൾ 68ൽ നിന്ന് 138 ആയി. ശാഖകളുടെ എണ്ണം 7000ത്തിൽ അധിക മായി.
യോഗവും യൂണിയനും ശാഖകളും എന്ന സംവിധാനത്തിന് വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുടുംബയൂണിറ്റ്, മൈക്രോഫിനാൻസ് തുടങ്ങി പന്ത്രണ്ടോളം പോഷക സംഘടനകളുടെകൂടി കരുത്തുണ്ടായി. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, മൂന്ന് ചക്രങ്ങളിൽ ഓടിക്കൊണ്ടിരുന്ന എസ്.എൻ.ഡി.പി യോഗം 12 ചക്രങ്ങളുള്ള ഹെവി വെഹിക്കിൾ ആയി രൂപം മാറി.
ഈഴവ സമുദായത്തോട് സംഘടിച്ച് ശക്തരാകുവാൻ നിർദ്ദേശിച്ചത് ഗുരുദേവനാണ്. ഇത് ഉൾക്കൊണ്ട് വെള്ളാപ്പള്ളി നടേശൻ സമുദായം നേരിടുന്ന അവഗണനകൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഉദ്യോഗസ്ഥ, അധികാര സ്ഥാനങ്ങളിൽ ഈഴവ സമുദായം തഴയപ്പെടുമ്പോൾ, സംവരണം അട്ടിമറിക്കപ്പെടുമ്പോൾ, സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവർ തഴയപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം സിംഹ ഗർജ്ജനമാകുന്നു. അത് പലർക്കും അലോസരമാകുന്നു.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കപ്പെടുന്ന ഘട്ടത്തിൽ ഈഴവ സമുദായം ഇപ്പോഴും അവഗണിക്കപ്പെടുന്നു. സമുദായത്തിനു വേണ്ടി കണക്കു പറഞ്ഞ് അവകാശം പിടിച്ചുവാങ്ങാൻ തന്നെയാണ് അദ്ദേഹം ഇപ്പോഴും വിശ്രമം മറന്ന് പ്രവർത്തിക്കുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ സാരഥ്യം അദ്ദേഹം ഏറ്റെടുത്തപ്പോൾ തുടങ്ങിയ കൊടുങ്കാറ്റും പേമാരിയും ഇപ്പോഴും അവസാനിച്ചിട്ടില്ല. വിമർശനങ്ങളെപ്പോലും അദ്ദേഹം വിജയ കിരീടമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |