ന്യൂഡൽഹി: യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നിശ്ചയിച്ചിരിക്കെ, അതൊഴിവാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചു. 14ന് വാദം കേൾക്കാമെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സമ്മതിച്ചു. കേന്ദ്രസർക്കാരിന്റെ നിലപാട് അന്ന് കേൾക്കും. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിക്ക് ഹർജിയുടെ പകർപ്പ് കൈമാറാൻ കോടതി ഹർജിക്കാരോട് നിർദ്ദേശിച്ചു.
ദയാധനം നൽകി മോചനത്തിനാണ് ശ്രമമെന്ന് ആക്ഷൻ കൗൺസിൽ കോടതിയെ അറിയിച്ചു. ഇത്തരത്തിൽ പണം നൽകി കുടുംബത്തിൽ നിന്ന് മാപ്പു സമ്പാദിച്ചാൽ വധശിക്ഷ ഒഴിവാകും. ഇതിനായി നയതന്ത്ര ചാനലുകൾ വഴി ചർച്ചകൾക്ക് കേന്ദ്രസർക്കാർ നടപടിയെടുക്കണം. അതിനാവശ്യമായ നിർദ്ദേശം കേന്ദ്രത്തിന് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
വധശിക്ഷയ്‌ക്ക് കാരണമെന്തെന്ന് സുപ്രീംകോടതി ആരാഞ്ഞു. യെമനിൽ നഴ്സായിരുന്ന നിമിഷയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെയായിരുന്നു കൊലപാതകമെന്ന് അഭിഭാഷകൻ അറിയിച്ചു.
കത്തയച്ച് എം.പിമാർ
അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസിലെ അടൂർ പ്രകാശ് എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, സി.പി.ഐ രാജ്യസഭാംഗം പി.സന്തോഷ്‌കുമാർ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിനും കത്തയച്ചു. വധശിക്ഷ സ്റ്റേ ചെയ്യാൻ നയതന്ത്ര തലത്തിൽ നീക്കമുണ്ടാകണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |