കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അനൂസ് റോഷൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ സംഘം എത്തിയത് രണ്ട് വാഹനത്തിലാണെന്ന് അനൂസ് റോഷന്റെ അമ്മ ജമീല പറഞ്ഞു. പ്രതികൾ മുഖം മൂടിയിരുന്നുവെന്നും ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ജമീല വ്യക്തമാക്കി.
ഉപ്പയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിക്കവെയാണ് അനൂസിന് നേരെ തിരിഞ്ഞതെന്നും അവർ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിറകിൽ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ്. മൂന്ന് പേർക്കായി അനൂസിന്റെ സഹോദരൻ പണം നൽകാൻ ഉണ്ടെന്നും ഒരാൾക്ക് 35 ലക്ഷം കൊടുക്കാനുണ്ടെന്നും ജമീല പറഞ്ഞു.
കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് വെെകീട്ട് നാല് മണിയോടെ ആയുധങ്ങളുായി കാറിലെത്തിയ സംഘം വീട്ടിൽ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ കയ്യിൽ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്.
'KL 65 L 8306' എന്ന നമ്പറിലുള്ള കാറിലാണ് പ്രതികൾ കടന്നത്. അനൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. കാറിൽ പ്രതികൾ പോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആദ്യം ഈ സംഘം വെെകുന്നേരം വീട്ടിലെത്തി ബെല്ലടിച്ചു. ആ സമയത്ത് അനൂസിന്റെ പിതാവ് പുറത്തേക്ക് ഇറങ്ങി. സംഘത്തിലെ രണ്ട് പേർ മുൻപ് വീട്ടിൽ വന്നിട്ടുണ്ടെന്നും വീട്ടുകാർ പറയുന്നു. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |