തിരുവനന്തപുരം:കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കുടുക്കൻ നിർണായകമായത് സമീപവാസിയുടെ മൊഴിയും സിസി ടിവി ദൃശ്യങ്ങളും.വെള്ളിയാഴ്ച പുലർച്ചെ 2ന് നടന്ന സംഭവം പിറ്റേന്ന് രാവിലെയാണ് പൊലീസിനെ അറിയിച്ചത്.കൃത്യത്തിനുശേഷം അപ്പോൾത്തന്നെ പ്രതി വാഹനവുമായി കടന്നിരുന്നു. പീഡനത്തിനിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെപ്പറ്റി ഒരു സൂചനയും പൊലീസിന് ലഭിച്ചില്ല. യുവതിയെ പീഡിപ്പിച്ച ശേഷം മുറിയിൽ നിന്നിറങ്ങി വന്ന പ്രതിയെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന സഹതാമസക്കാർ കണ്ടെങ്കിലും ആദ്യം വ്യക്തത വരുത്തിയില്ല. തുടർന്നുള്ള മൊഴിയെടുക്കലിലാണ് കൂടുതൽ വ്യക്തത വരുത്തിയത്.
ഹോസ്റ്റലിലും പരിസരത്തും നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിൽ ഹോസ്റ്റലിന് പിറകുവശത്തായി ആഴത്തിലുള്ള കാൽപ്പാട് കണ്ടെത്തി. ഉയരത്തിൽ നിന്ന് ചാടുമ്പോൾ പതിയുന്ന ആഴത്തിലുള്ളതായിരുന്നു പാടുകൾ. തുടർന്ന് സമീപത്തെ സി.സിടിവി പരിശോധിച്ചപ്പോഴാണ് പിറകുവശത്ത് കൂടി ഒരാൾ 3.15ന് മതിൽ ചാടിപ്പോകുന്നത് കണ്ടത്.തുടർന്ന് സമീപത്തെ എല്ലാ സി.സിടിവികളും പരിശോധിച്ചു. മുഖം മറച്ചൊരാൾ പോകുന്നതല്ലാതെ വേറെയൊന്നും പൊലീസിന് ലഭിച്ചില്ല.
കഴക്കൂട്ടം ഫ്ളൈഓവറിന് സമീപത്തുവച്ച് പ്രതിയെ പിന്നെ ട്രാക്ക് ചെയ്യാൻ പറ്റിയില്ല. പ്രതി അപ്രത്യക്ഷനായ സ്ഥലത്ത് ഡാൻസാഫ് സംഘമെത്തി അന്വേഷണം നടത്തി. തുടർന്ന് സമീപവാസിയായ ഒരാൾ നൽകിയ മൊഴിയാണ് തുമ്പായത്.രാത്രി പതിവില്ലാതെ വലിയൊരു ലോറി പാർക്ക് ചെയ്തിരുന്നെന്നും അതിന്റെ വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടെന്നും സമീപവാസി പറഞ്ഞു.ലോറി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ലോറിയിൽ രക്ഷപ്പെട്ടത് മനസിലാക്കിയത്. തുടർന്നുള്ള പരിശോധനയിൽ ലോറി തമിഴ്നാട്ടിലെ മധുരയിൽ എത്തിയതായി വിവരം ലഭിച്ചു. മധുര പൊലീസ്,രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോട ലോറി ലൊക്കേറ്റ് ചെയ്താണ് പ്രത്യേക അന്വേഷണസംഘം മധുരയിലെത്തിയത്. പൊലീസിനെ ആദ്യം കണ്ടപ്പോൾ കുറ്റിക്കാട്ടിൽ പതിയിരുന്ന ബെഞ്ചമിൻ പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.ഡാൻസാഫ് പൊലീസ് സംഘം പിന്നാലെ ഓടിയാണ് സാഹസികമായി ഇയാളെ പിടികൂടിയത്.
സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ്, ഡി.സി.പി ഫറാഷ് എന്നിവരാണ് അന്വേഷണം ഏകോപിപ്പിച്ചത്. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ജെ.എസ്.പ്രവീൺ,ബിനു,ഉമേഷ്,ഡാൻസാഫ് എസ്.ഐമാരായ മിഥുൻ,വിനോദ്,വിനീത്,വൈശാഖ് അടങ്ങുന്ന 20 അംഗ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |