തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ കണ്ട യെമൻ സ്വദേശിയെ ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗ കോടതി. അബ്ദുള്ള അലി അബ്ദോ അൽ ഹദാദിനെയാണ് കോടതി പിരിയുംവരെ വെറുംതടവും പതിനായിരം രൂപ പിഴയും ജഡ്ജി ആർ. രേഖ ശിക്ഷ വിധിച്ചത്.
2020 ഡിസംബർ 27ന് ഇയാൾ അശ്ലീല വീഡിയോ കണ്ടതായി സൈബർ സെല്ലിൽ വിവരം ലഭിച്ചിരുന്നു. തുടർന്ന് വഞ്ചിയൂർ പൊലീസ് പ്രതി ജോലി ചെയ്തിരുന്ന ഈഞ്ചയ്ക്കലിലെ റസ്റ്റോറന്റിൽ എത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ വീഡിയോകൾ കണ്ടെത്താനായില്ല. തുടർന്ന് കേസ് എഴുതിത്തളളി. പിന്നീട് ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചു പരിശോധനയിൽ പ്രതി ഫോണിൽ കണ്ട വീഡിയോകൾ വീണ്ടെടുത്തു. ഇതിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതായി തെളിയുകയായിരുന്നു. തുടർന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീണ്ടും കേസെടുത്തു.
കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രോസിക്യൂഷൻ ശാസ്ത്രീയമായി തെളിയിച്ചതിനാലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |