നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5 ശതമാനം നികുതി ഈടാക്കിയേക്കും
കൊച്ചി: അമേരിക്കയിൽ ജോലിചെയ്യുന്ന ഇതര രാജ്യക്കാർ ജന്മനാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം എക്സൈസ് നികുതി ഈടാക്കാനുള്ള യു.എസിന്റെ പുതിയ ബിൽ പ്രവാസി ഇന്ത്യക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. ഗ്രീൻ കാർഡും എച്ച്.വൺ ബി വിസയുമുള്ള ലക്ഷക്കണക്കിന് പ്രവാസികളിൽ നിന്ന് അഞ്ച് ശതമാനം നികുതി ഈടാക്കാനുള്ള നിർദേശം ഡൊണാൾഡ് ട്രംപിന്റെ ബിഗ് പ്രയോറിറ്റി ബില്ലിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബിൽ പാസായാൽ അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾക്ക് 160 കോടി ഡോളറിന്റെ അധിക ബാദ്ധ്യതയുണ്ടാകും. പണമയക്കൽ കൈകാര്യം ചെയ്യുന്ന ഏജൻസികൾ നികുതി പിടിച്ച് യു.എസ് ട്രഷറിയിൽ അടയ്ക്കണമെന്നാണ് ബില്ലിൽ വ്യവസ്ഥയുള്ളത്. എത്ര ചെറിയ തുക അയച്ചാലും നികുതി ബാധകമാണെന്നും നിർദേശിക്കുന്നു. അമേരിക്കൻ പൗരത്വമുള്ളവർക്ക് മാത്രമാണ് പണമയക്കുമ്പോൾ നികുതി ഒഴിവ് ലഭിക്കുക. അമേരിക്കയിലെ നിക്ഷേപങ്ങൾ, സ്‌റ്റോക്ക് ഓപ്ഷൻ സ്കീമുകൾ എന്നിവയിൽ നിന്ന് പ്രവാസികൾക്ക് ലഭിക്കുന്ന വരുമാനത്തിനും പുതിയ നികുതി ബാധകമാകും.
അമേരിക്കൻ സാമ്പത്തിക വളർച്ചയ്ക്ക് വിപുലമായ സംഭാവനകൾ നൽകുന്ന പ്രവാസികളോട് നടത്തുന്ന വിവേചനമാണ് റെമിറ്റൻസ് നികുതിയെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യയ്ക്ക് തിരിച്ചടിയാകും
അമേരിക്കയിലെ പ്രവാസികളിൽ നല്ല ശതമാനം ഇന്ത്യൻ വംശജരാണ്. വിവിധ വിസ പ്രോഗ്രാമുകളിലായി 25 ലക്ഷം ഇന്ത്യയ്ക്കാരാണ് അമേരിക്കയിൽ ജോലിയെടുക്കുന്നത്. നാട്ടിലുള്ള കുടുംബത്തിന്റെ ജീവിത, വിദ്യാഭ്യാസ, ആരോഗ്യ ചെലവുകൾക്കായി പ്രതിവർഷം 3,200 കോടി ഡോളറിനടുത്താണ്(2.75 ലക്ഷം കോടി രൂപ) അമേരിക്കയിലെ പ്രവാസി ഇന്ത്യയ്ക്കാർ അയക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിലായാൽ ആയിരം ഡോളർ അയക്കുമ്പോൾ 50 ഡോളർ നികുതി നൽകേണ്ടി വരും.
ഇന്ത്യൻ പ്രവാസികളുടെ അധിക ബാദ്ധ്യത 160 കോടി ഡോളർ
അടുത്ത മാസം ബിൽ പ്രാബല്യത്തിലായേക്കും
അമേരിക്കൻ സർക്കാർ വരുമാന സമാഹരണത്തിന് പുതിയ മാർഗങ്ങൾ തേടുന്നതിനാൽ ജൂണിൽ ബിൽ നിയമമാകുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കൻ ജോലികളുടെ ആകർഷണം കുറയാൻ പുതിയ നടപടി കാരണമാകും. രൂപയുടെ മൂല്യയിടിവ് മൂലം കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻവർദ്ധന ദൃശ്യമായിരുന്നു. പുതിയ സാഹചര്യത്തിൽ ശമ്പള വർദ്ധനവിന് പ്രവാസികൾ സമ്മർദ്ദം കൂട്ടുമെന്നും വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |