ആലപ്പുഴ: ശാരീരിക, മാനസിക ക്ഷമതയുള്ള പുതുതലമുറയെ വാർത്തെടുക്കാൻ സൗജന്യമായി അറിവ് പകരുകയാണ് ആലപ്പുഴയിലെ സൈനിക- അർദ്ധ സൈനിക കൂട്ടായ്മയായ ദിശ. ഹരിപ്പാട് കരുവാറ്റ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ദിശ" എന്ന കൂട്ടായ്മയിൽ മുൻ സൈനികരും നിലവിൽ സർവീസിലുള്ളവരും കലാകാരന്മാരും അംഗങ്ങളായുണ്ട്. ഗ്രാമപ്രദേശത്തു നിന്ന് കുട്ടികളെ മുൻനിരയിലെത്തിക്കുകയാണ് ലക്ഷ്യം. സൗജന്യ കായിക പരിശീലനമാണ് നൽകുന്നത്. രണ്ടുവർഷം മുമ്പാണ് പരിശീലനകേന്ദ്രം ആരംഭിച്ചത്. കരുവാറ്റ രണദേവൻ സ്മാരകം കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
വേനലവധിക്ക് കരുവാറ്റ എസ്.എൻ.ഡി.പി യു.പി സ്കൂൾ ഗ്രൗണ്ട് കേന്ദ്രീകരിച്ച് നൽകുന്ന പരിശീലനം അടുത്ത ഘട്ടമായി ഹരിപ്പാട് താലൂക്കിലെ വിവിധ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന. കലാകാരന്മാരുടെ വിവിധ പരിപാടികളും ബോധവത്കരണ ക്ലാസുകളും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. നാട്ടിൽ അവധിക്കെത്തുന്ന സൈനികർ നിസ്വാർത്ഥ സേവനമായാണ് കായിക പരിശീലനം നൽകുന്നത്.
കമലന്റെ സ്വപ്ന
സാക്ഷാത്കാരം
കരുവാറ്റ ഗ്രാമത്തിലെ ഓലക്കുടിലിൽ നിന്ന് കപ്പലണ്ടിയും കമ്പിളി നാരങ്ങയും വിറ്റുനടന്ന ബാല്യമായിരുന്നു പടിഞ്ഞാറേ മേപ്പള്ളിൽ കെ.കമലന്റേത് (45). പത്താം ക്ലാസ് തോറ്റതോടെ ഏറെ പ്രതിസന്ധികൾ മറികടന്നാണ് അർദ്ധസൈനിക വിഭാഗമായ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സിൽ (ഗ്രെഫ്) ജോലി നേടിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവിധ ജോലികൾ ചെയ്യുന്നതിനിടെയാണ് ഗ്രെഫിലേക്കുള്ള റിക്രൂട്ട്മെന്റ് പരസ്യം കാണുന്നത്. അന്ന് ഏറെ ടെൻഷനടിച്ചത് ഫിസിക്കൽ ടെസ്റ്റിനെ കുറിച്ചോർത്താണ്. സ്കൂളിലെ കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റിന്റെ വില അന്നാണ് കമലൻ മനസിലാക്കിയത്. ടെസ്റ്റുകൾ വിജയിച്ച് ഗ്രെഫിൽ ശിപായിയായി ജോലിയിൽ പ്രവേശിച്ചു. 20 വർഷത്തെ സേവനത്തിനുശേഷം ഹവിൽദാർ (ഡ്രൈവർ)
തസ്തികയിൽ പ്രവർത്തിക്കുമ്പോഴാണ് വി.ആർ.എസ് എടുത്ത് നാട്ടിലെത്തിയത്. അന്നുമുതലുള്ള സ്വപ്നമായിരുന്നു കായിക രംഗത്ത് കുട്ടികളെ കൈപിടിച്ചുയർത്തുകയെന്നത്. ആ ആഗ്രഹമാണ് നാട്ടിലെ മറ്റ് സൈനികരുടെ പിന്തുണയോടെ 'ദിശ" സൗജന്യ കായികക്ഷമതാ പരിശീലന കേന്ദ്രമായി രൂപപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |