കൽപ്പറ്റ: വർഗീയതയെ വളർത്തുന്ന വലതുപക്ഷ ചിന്തകളെയും പ്രത്യയശാസ്ത്രത്തെയും പ്രതിരോധിക്കാൻ ദൈനംദിന ഇടപെടലുകൾ വേണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് യു. വാസുകി. കൽപ്പറ്റയിൽ നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 59ാം സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംഘടനയായാലും സർക്കാരായാലും അവരുടെ നിലപാടുകൾക്കും നയങ്ങൾക്കും രൂപവും ഭാവവും നൽകുന്നത് അവർ പിന്തുടരുന്ന പ്രത്യയശാസ്ത്രമാണ്. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്ന ജാതിമതവർഗീയ ചിന്തകളെ എതിർക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. അതിനായി നാം ഒരുമിച്ച് നിൽക്കുകയും ഉറച്ചനിലപാടുകൾ പുലർത്തുകയും വേണമെന്നും വാസുകി പറഞ്ഞു.
കെ.ജി.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.ആർ. മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഷിബു രക്തസാക്ഷി പ്രമേയവും സെക്രട്ടറി എം.എൻ. ശരത്ചന്ദ്രലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സ്വാഗതസംഘം ചെയർമാൻ കെ. റഫീഖ്, മുൻ എം.എൽ.എയും സ്വാഗതസംഘം രക്ഷാധികാരിയുമായ സി.കെ. ശശീന്ദ്രൻ, എഫ്.എസ്.ഇ.റ്റി.ഒ. ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വർക്കേഴ്സ് ജനറൽ സെക്രട്ടറി ജി.ആർ. പ്രമോദ്, കെ.ജി.ഒ.എ. സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ എ. ബിന്ദു, സ്വാഗതസംഘം ജനറൽ കൺവീനർ എ.ടി. ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |