കല്ലറ: ഗ്രാമീണരെ കടത്തിലാഴ്ത്തി വട്ടിപ്പലിശക്കാർ. സ്കൂൾ വർഷാരംഭം,വേനലവധി,വിലക്കയറ്റം എന്നീ അത്യാവശ്യ സാഹചര്യങ്ങളിൽ സാധാരണക്കാരൻ സാമ്പത്തികമായി തകർന്നുനിൽക്കുന്ന അവസരം മുതലെടുക്കുകയാണ് വട്ടിപ്പലിശ സംഘം. ഓപ്പറേഷൻ കുബേര പേരിലൊതുങ്ങിയതോടെ കൊള്ളപ്പലിശയ്ക്ക് പ്രമാണങ്ങളും വാഹനങ്ങളും ഈട് വാങ്ങി പലിശ നൽകുന്നവരാണ് കറങ്ങുന്നത്.
ചെക്കിന്റെ മാത്രം ബലത്തിൽ കഴുത്തറുപ്പൻ പലിശക്കാർ വ്യാപാരികളെ ലക്ഷ്യമിടുന്നു. ഗ്രാമങ്ങളിൽ ദിവസച്ചിട്ടിയെന്ന പേരിലാണ് കൊള്ള. ഒരു ലക്ഷം രൂപയ്ക്ക് 10,000-15,000 രൂപയാണ് പലിശ. ആദ്യം പലിശത്തുകയെടുക്കും. ബാക്കി പണം പത്ത് ദിവസത്തിനുള്ളിൽ അടച്ച് തീർക്കണം. ചെറുകിട വ്യാപാരികളെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും വസ്തുവിന്റെ ഈടിൽ പണം നൽകും. അടവ് മുടങ്ങിയാൽ ഭീഷണിയും അക്രമവും.
ഓൺലൈൻആപ്പുകൾ
ഓൺലൈൻആപ്പുകൾ വഴിയുള്ള പലിശക്കെണിക്ക് ഇപ്പോഴും അറുതിയില്ല. പണമോ സ്വർണമോ വസ്തുവോ പെട്ടെന്ന് പണയം വയ്ക്കാനില്ലാത്ത സാഹചര്യത്തിലാണ് വാഹനം പണയം വയ്ക്കുന്നത്. വാഹനത്തിന്റെ പകുതിപ്പണം പോലും പണയം വച്ചാൽ കിട്ടില്ല. ചെക്ക് ലീഫും മറ്റ് രേഖകളും വാങ്ങും. മാസം 15 ശതമാനം വരെയാണ് പലിശ. വാഹനം ഉപയോഗിക്കുകയും ചെയ്യും. ഈ വാഹനം വാടകയ്ക്ക് നൽകിയും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും.
ഗതികേട് മുതലാക്കുന്നവർ
വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും മറ്റുമുള്ള ചെലവുകൾ ഏറി വരുമ്പോഴാണ് പലരും ബ്ലേഡ് സംഘങ്ങളെ ആശ്രയിക്കുന്നത്. ഒപ്പം വ്യാപാരത്തിലും ഇടിവുവരുന്നവർക്ക് പിടിച്ചു നിൽക്കാൻ മാർഗമില്ലാതെ വരുമ്പോൾ വട്ടിപ്പലിശക്കാരുടെ വലയിൽപ്പെടുന്നവരും കുറവല്ല.
പലിശക്കാർക്ക് ഗുണമാകുന്നത്
പരിശോധന നിലച്ചത്
ബാങ്കുകളിൽ നിന്ന് വായ്‌പയ്ക്ക് കാലതാമസം
സാധാരണക്കാരുടെ ജീവിതച്ചെലവ് കൂടി, വരുമാനം കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |