ആലപ്പുഴ : ആഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് 3. 78 കോടി രൂപയുടെ ബഡ്ജറ്റ്. നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ കളക്ടർ അലക്‌സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ ജനറൽ ബോഡി യോഗമാണ് ബഡ്ജറ്റ് അംഗീകരിച്ചത്.
3,78,89,000 രൂപയുടെ പ്രതീക്ഷിത വരവ് കാണിക്കുന്നതാണ് ബഡ്ജറ്റ്. 60,924 രൂപ മിച്ചമുൾപ്പടെ 3,78,89,000 രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാരിൽ നിന്നുള്ള ഗ്രാന്റായ ഒരു കോടി രൂപയും ടിക്കറ്റ് വിൽപ്പനയിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു കോടി രൂപയും വരുമാനത്തിൽ ഉൾപ്പെടുന്നു. സ്‌പോൺസർഷിപ്പിലൂടെ 1.15 കോടി രൂപയുടെ വരവും പ്രതീക്ഷിക്കുന്നു. 50 ലക്ഷത്തിന്റെ കേന്ദ്രസർക്കാരിൽ നിന്നുള്ള ഗ്രാന്റും ലഭിച്ചേക്കും.
വകകൊള്ളിച്ച തുക (രൂപയിൽ)
ബോണസ് : 1.35 കോടി
മെയിന്റനൻസ് ഗ്രാന്റ് : 21. 50 ലക്ഷം
ഇൻഫ്രാസ്ട്രക്ച്ചർ കമ്മിറ്റിക്ക് : 61. 50 ലക്ഷം
കൾച്ചറൽ കമ്മറ്റിക്ക് : 10 ലക്ഷം രൂപ
പബ്ലിസിറ്റി കമ്മറ്റിക്ക് : 8.94 ലക്ഷം
ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ല
വള്ളംകളിയുടെ ടിക്കറ്റ് നിരക്കുകൾക്ക് ജനറൽ ബോഡി അംഗീകാരം നൽകി. 25000 രൂപ (നാലു പേർ), 10,000 രൂപ, 3000 രൂപ, 2500 രൂപ, 1500 രൂപ, 500 രൂപ, 300 രൂപ , 200 രൂപ, 100 രൂപ എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ നിരക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |