കാഞ്ഞങ്ങാട്: ജന്മനാ വൈകല്യമുള്ളതും നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്ന പന്ത്രണ്ട് വയസുള്ള കുട്ടിയുടെ താടിയെല്ലിൽ കുടുങ്ങിയ പല്ല് വിജയകരമായി നീക്കി ജില്ലാ ആശുപത്രിയിലെ ദന്തൽ വിഭാഗം. കുഞ്ഞിന് കഴിഞ്ഞ രണ്ട് മാസമായി കാര്യമായി ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. അസഹനീയമായ പല്ലു വേദന ആയിരുന്നു കാരണം. ബ്രഷിംഗ് കൃത്യമായി ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായത് കൊണ്ട് തന്നെ പല്ലുകളിൽ അണുബാധയുമായി.
പല്ലെടുക്കാൻ യാതൊരു വിധത്തിലും കുഞ്ഞ് സഹകരിക്കാത്തത് കൊണ്ട് തന്നെ പല തവണ ഡോക്ടർമാരെ കണ്ട് വേദന സംഹാരികളും ആന്റിബയോട്ടിക്കുകളും നല്കി വന്നു. മെഡിക്കൽ കോളേജിലോ മംഗളൂരുവിലെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലോ പോയി ഹൈറിസ്‌ക്ക് അനസ്‌തേഷ്യ നല്കി ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയയിലൂടെ മാത്രമേ താടിയെല്ലിനിടയിൽ പ്രത്യേക പൊസിഷനിൽ കുടുങ്ങി നില്ക്കുന്ന പല്ലുകൾ നീക്കം ചെയ്യാനാകൂ എന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നടക്കമുള്ള ഡോക്ടർമാർ പറയുകയുണ്ടായി.
അങ്ങനെയിരിക്കയാണ് മത്സ്യതൊഴിലാളിയായ പിതാവ് കുഞ്ഞിനേം കുട്ടി ജില്ലാ ആശുപത്രിയിൽ വരുന്നത്. അങ്ങനെയാണ് ഒരാഴ്ച മുമ്പ് ദന്തൽ വിദഗ്ധൻ ഡോ. സിദ്ധാർത്ഥ് രവീന്ദ്രൻ അനസ്‌തെറ്റിസ്റ്റ് ഡോ. ഹരികൃഷ്ണനെ കാണാൻ നിർദ്ദേശിച്ചത്. ജില്ല ആശുപത്രിയിൽ നാല് അനസ്‌തെറ്റിസ്റ്റുകളുടെ നേതൃത്വത്തിൽ ജനറൽ അനസ്‌തേഷ്യയിൽ ഒ.ടി ടെക്നിഷ്യൻസിന്റെയും സ്റ്റാഫ് നഴ്സിന്റെയും നേതൃത്വത്തിലുളള ടീമിന്റെ സഹായത്തോടെ കുഞ്ഞിന്റെ താടിയെല്ലിനിടയിൽ കുടുങ്ങിയ പല്ലുകളുൾപ്പെടെ ശസ്ത്രക്രിയയിലൂടെയും മറ്റു കേടുവന്ന പല്ലുകളും വിജയകരമായി നീക്കം ചെയ്യാൻ സാധിച്ചു. ചികിത്സയിനത്തിൽ വലിയ ചെലവും വന്നില്ല. രണ്ടാമത്തെ തവണയാണ് ജില്ല ആശുപത്രിയിൽ ഇതുപോലുള്ള ജന്മനാ വൈകല്യമുള്ള ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞിന്റെ പല്ല് നീക്കം ചെയ്തതെന്നും ഡോ. സിദ്ധാർത്ഥ് രവീന്ദ്രൻ അനുഭവ കുറിപ്പിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |