പള്ളുരുത്തി: ഇടക്കൊച്ചി പാലമുറ്റം എസ്.എ.എ.സി റോഡിൽ തൈപറമ്പിൽ ടി.ജി.ജോണി (64)യുടെ മരണം മകന്റെ ക്രൂര മർദ്ദനത്തെ തുടർന്നാണെന്ന് വ്യക്തമായി. മകൻ ലൈജു (33)വിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെയാണ് ജോണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മരണം നാട്ടുകാരെ അറിയിച്ചത് ലൈജുവായിരുന്നു. കുഴഞ്ഞ് വീണ് മരിച്ചെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. വാരിയെല്ലുകൾ തകർന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതാണ് വഴിത്തിരിവായത്. ലൈജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
വെള്ളിയാഴ്ച ഇരുവരും തമ്മിൽ വീട്ടിൽ വഴക്കും ബഹളവുമുണ്ടായതായി പ്രതി സമ്മതിച്ചു. ജോണിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയിലും വാരിയെല്ലിലും കാലിലും മർദ്ദിച്ചതായും കുറ്റസമ്മതം നടത്തി. ജോണി ബോധരഹിതനായെങ്കിലും വിവരം പുറത്തറിയിച്ചില്ല. പിറ്റേന്ന് രാവിലെ അനക്കമില്ലാത്തതിനാൽ നാട്ടുകാരോട് പറയുകയായിരുന്നു. ലൈജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |