കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം. എട്ടു പേർ അടങ്ങിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്നും കേസിലെ മുഴുവൻ പ്രതികളെക്കുറിച്ചും സൂചന ലഭിച്ചെന്നും ഇവരെ ഉടൻ പിടികൂടുമെന്നും കൊടുവള്ളി എസ്.എച്ച്.ഒ അഭിലാഷ് കെ.പി പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അഞ്ച് ദിവസം മുൻപ് പരപ്പാറ അങ്ങാടിയിൽ എത്തിയ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചത് കെ.എൽ 65 എൽ 8306 നമ്പർ മലപ്പുറം രജിസ്ട്രഷനുള്ള കാറായതിനാൽ മലപ്പുറം കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. അതേ സമയം തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ഉടമ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.ബൈക്കിലും കാറിലുമായെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്.
കിഴക്കോത്ത് ആയിക്കോട്ടിൽ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് കഴിഞ്ഞദിവസം ആയുധങ്ങളുമായി കാറിലും ബെെക്കിലുമായെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. പ്രതികൾ തട്ടിക്കൊണ്ട് പോയ അന്നൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. തട്ടിക്കൊണ്ട് പോകാൻ എത്തുന്നതിനു മുൻപും പ്രതികളിൽ രണ്ടു പേർ വീട്ടിൽ എത്തിയിരുന്നു.അതേസമയം, പ്രതികൾ തട്ടിക്കൊണ്ട് പോയ അനൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ ഒരു മാസം മുമ്പ് ദുബായിൽ നിന്ന് നാട്ടിൽ എത്തിയിട്ടുണ്ട് .എന്നാൽ ഇപ്പോൾ എവിടെ ആണെന്ന് അറിയില്ലെന്നുമാണ് കുടുംബത്തിന്റെ മൊഴി. കൊടുവള്ളി എസ്.എച്ച്.ഒ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബത്തിന്റഎ വിശദമായ മൊഴിയും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |