കാസർകോട്: ബദിയടുക്കയിൽ വൻ എം.ഡി.എം.എ വേട്ട. ലക്ഷങ്ങൾ വില മതിക്കുന്ന എം.ഡി.എം.എയുമായി 23കാരൻ പൊലീസ് പിടിയിൽ. നിരോധിത ലഹരി വസ്തുക്കൾക്ക് തടയിടുന്നതിന് കണ്ണൂർ റേഞ്ച് തലത്തിൽ നടക്കുന്ന കോമ്പിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്. നെക്രാജെ നാരമ്പാടി പ്ലാവിൻതോടി റഫീഖ് മനസിലിൽ മുഹമ്മദ് റഫീഖ് (23) ആണ് പോലീസ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ വീട്ടിൽ നിന്നുമാണ് 107.090 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. പൊലീസ് കോമ്പിംഗ് ഡ്യൂട്ടി ചെയ്തു വരുന്നതിനിടെ രാവിലെ 7.25 മണിയോടെ നീർച്ചാൽ എന്ന സ്ഥലത്തെത്തിയപ്പോഴാണ് പിടിയിലായ മുഹമ്മദ് റഫീഖിന്റെ വീട്ടിൽ നിരോധിത ലഹരി വസ്തു സൂക്ഷിച്ചതായ വിവരം ലഭിക്കുന്നതും റെയ്ഡ് നടത്തിയതും. പ്രതി ഉണ്ടായിരുന്ന മുറി പരിശോധിച്ചപ്പോൾ കട്ടിലിലെ കിടയ്ക്കയ്ക്ക് അടിയിലായി സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം വിദ്യാനഗർ ഇൻസ്‌പെക്ടർ യു.പി വിപിന്റെ മേൽനോട്ടത്തിൽ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ അറ്റാച്ച് ഡ്യൂട്ടി ചെയ്യുന്ന വിദ്യാനഗർ എസ്.ഐ പ്രതീഷ് കുമാർ, ബദിയടുക്ക പൊലീസ് സ്റ്റേഷൻ പ്രൊബേഷനറി എസ്.ഐ രൂപേഷ്, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്, അനിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഗസറ്റഡ് ഓഫീസർ കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുണിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതിയുടെ ദേഹപരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |