ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ (2019-20) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 18 പൊതുമേഖലാ ബാങ്കുകൾ ചേർന്ന് റിപ്പോർട്ട് ചെയ്‌ത തട്ടിപ്പു കേസുകൾ 2,480. തട്ടിപ്പിന്റെ മൂല്യം 31,898.63 കോടി രൂപ. വിവരാവകാശ പ്രകാരം റിസർവ് ബാങ്കിൽ നിന്ന് ലഭിച്ച റിപ്പോർട്ടനുസരിച്ച് കഴിഞ്ഞപാദത്തിലെ മൊത്തം തട്ടിപ്പിൽ 38 ശതമാനവും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയിലാണ്.
12,012.77 കോടി രൂപ മൂല്യം വരുന്ന 1,197 കേസുകൾ ഇക്കാലയളവിൽ എസ്.ബി.ഐ റിപ്പോർട്ട് ചെയ്‌തു. 2,855.46 കോടി രൂപയുടെ 381 കേസുകളുമായി അലഹബാദ് ബാങ്കാണ് രണ്ടാമത്. പഞ്ചാബ് നാഷണൽ ബാങ്കാണ് മൂന്നാമത്. കേസുകൾ 99. മൂല്യം 2,526.55 കോടി രൂപ. അതേസമയം, പൊതുമേഖലാ ബാങ്കുകൾ ഏതുതരം തട്ടിപ്പുകളാണ് നേരിട്ടതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
2018-19ൽ ഇന്ത്യയിലെ ബാങ്കുകളിൽ തട്ടിപ്പു കേസുകൾ 15 ശതമാനം വർദ്ധിച്ചുവെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. തട്ടിപ്പുമൂല്യത്തിലുണ്ടായ വർദ്ധന 73.8 ശതമാനവുമാണ്. 6,801 കേസുകളിലായി 71,542.93 കോടി രൂപയുടെ തട്ടിപ്പാണ് കഴിഞ്ഞ സാമ്പത്തിക വർഷം നടന്നത്. 2017-18ൽ കേസുകൾ 5,916 എണ്ണവും മൂല്യം 41,167.04 കോടി രൂപയുമായിരുന്നു.
കഴിഞ്ഞവർഷത്തെ മൊത്തം തട്ടിപ്പുകേസുകളിൽ 3,766 എണ്ണവും നടന്നത് പൊതുമേഖലാ ബാങ്കുകളിലാണ്. മൂല്യം 64,509.43 കോടി രൂപ. തൊട്ടുമുൻ വർഷത്തെ 2,885 കേസുകളിൽ നിന്നും 38,260.8 കോടി രൂപയിൽ നിന്നുമാണ് ഈ കുതിപ്പ്. സ്വകാര്യ ബാങ്കുകളും വിദേശ ബാങ്കുകളും തട്ടിപ്പിൽ നിന്ന് മുക്തമായിരുന്നില്ല. ഡെബിറ്റ്/എ.ടി.എം കാർഡ്, ഇന്റർനെറ്ര് എന്നിവയെ അപേക്ഷിച്ച് കഴിഞ്ഞവർഷത്തെ മൊത്തം തട്ടിപ്പിൽ മുന്തിയപങ്കും വായ്‌പാ വിഭാഗത്തിലായിരുന്നു.
തട്ടിപ്പുകൾ
(2018-19)
കേസുകൾ : 6,801
മൂല്യം : ₹71,542.93 കോടി
പൊതുമേഖലാ ബാങ്കുകളിൽ : 3,766 കേസുകൾ
മൂല്യം : ₹64,509.43 കോടി
ഈവർഷം
(ഏപ്രിൽ-ജൂൺ)
കേസുകൾ : 2,480
മൂല്യം : ₹31,898.63 കോടി
(പൊതുമേഖലാ ബാങ്കുകളിലേത് മാത്രം)
₹12,012 കോടി
നടപ്പുവർഷം ഏപ്രിൽ-ജൂണിൽ 1,197 കേസുകളുമായി തട്ടിപ്പിന് ഇരയായ ബാങ്കുകളിൽ മുന്നിൽ എസ്.ബി.ഐയാണ്. തട്ടിപ്പുമൂല്യം 12,012.77 കോടി രൂപ.
മുൻനിരയിലെ മറ്റ് ബാങ്കുകൾ:
അലഹബാദ് ബാങ്ക് : ₹2,855 കോടി
പി.എൻ.ബി : ₹2,526.55 കോടി
ബാങ്ക് ഒഫ് ബറോഡ : ₹2,297.05 കോടി
ഒ.ബി.സി : ₹2,133.08 കോടി
കനറാ ബാങ്ക് : ₹2,035.81 കോടി
തട്ടിപ്പു മേഖല
1. വായ്‌പകൾ
2. ഡെബിറ്ര്/എ.ടി.എം കാർഡ്
3. ഇന്റർനെറ്റ് ബാങ്കിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |