SignIn
Kerala Kaumudi Online
Tuesday, 08 July 2025 6.38 AM IST

രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് നവകേരളം നാളെയിലേക്ക് മിഴി തുറക്കുമ്പോൾ

Increase Font Size Decrease Font Size Print Page
pinarayi

വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ് കേരളം. ഒരു നവകേരളം പടുത്തുയർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സമകാലിക പ്രതിസന്ധികളെ മറികടക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി എന്തായിരിക്കണമെന്ന ഉറച്ച കാഴ്ചപ്പാടുകളും അവ സാക്ഷാത്കരിക്കാനുള്ള ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളുമാണ് ഈ നവകേരള നിർമ്മിതിയെ സവിശേഷമാക്കുന്നത്. കേരളത്തിന്റെ ഭാവി തലമുറയെക്കൂടി മുന്നിൽക്കണ്ടാണ് സർക്കാർ നയങ്ങളും കർമ്മപദ്ധതികളും ആവിഷ്‌കരിക്കുന്നത്. സമത്വവും സാഹോദര്യവും പുലരുന്ന വികസിത സമൂഹമായിരിക്കും നവകേരളം.

ക്രമസമാധാന ഭദ്രത, സാമൂഹിക സാഹോദര്യം, പൊതുജീവിതത്തിലെ സുരക്ഷിതത്വം, സമഗ്ര ക്ഷേമ ആശ്വാസ നടപടികൾ, ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ എന്നിവയൊക്കെ ഭരണത്തിന്റെ മുഖമുദ്രകളായി. കർഷകത്തൊഴിലാളികൾ അടക്കമുള്ള അടിസ്ഥാന വിഭാഗത്തെ മുതൽ വരുംകാലത്തെ രൂപപ്പെടുത്തുന്ന ന്യൂജെൻ പ്രതിഭാശാലികളെ വരെ കരുതുന്നതും ദേശീയ തലത്തിൽ തലയെടുപ്പോടെ നിൽക്കുന്നതുമായ ഒരു ഭരണ സംസ്‌കാരം നാം രൂപപ്പെടുത്തി. പരിമിതികളെയും അവഗണനകളെയും പ്രതിസന്ധികളെയും വെല്ലുവിളികളായിക്കണ്ട് അതിജീവിച്ച ഒരു ഭരണസംസ്‌കാരം!

2021 മേയ് മാസത്തിൽ അധികാരമേറ്റ് ഇടതു സർക്കാർ ഏറെ ചാരിതാർഥ്യത്തോടെയാണ് അഞ്ചാം വർഷത്തിലേക്കു കടക്കുന്നത്. 2016- ൽ അധികാരത്തിൽ വന്ന സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാർ എന്നതിനാൽ ഒരർത്ഥത്തിൽ ഇത് ഒൻപതാം വാർഷികമായി മാറുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും കാരണം വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചു നിന്ന ഘട്ടത്തിലാണ് 2016-ൽ ഇടതു സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പക്ഷേ സംസ്ഥാനത്തെ വികസന വഴിയിൽ നയിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനത്തിലൂടെ,​ കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണകൾ ഇക്കാലയളവിൽ തിരുത്തിയെഴുതി.

മുഖച്ഛായ

മാറുന്നു

കേരളത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കി. വഴിമുട്ടി നിന്നിരുന്ന ദേശീയ പാതാ വികസനം യാഥാർത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നു. ഇഴഞ്ഞു നീങ്ങിയ കൊച്ചി മെട്രൊ റെയിലും കണ്ണൂർ വിമാനത്താവളവും പൂർത്തിയാക്കി. അസാദ്ധ്യമെന്ന് പലരും വെല്ലുവിളിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചു. വൈദ്യുതി പ്രസരണ- വിതരണ രംഗത്തും കാർഷിക- വ്യാവസായിക രംഗത്തും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഇടമൺ- കൊച്ചി പവർ ഹൈവേയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ നിന്ന് വീണ്ടെടുത്ത് പൂർത്തീകരിച്ചു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, പുതുവൈപ്പിൻ എൽ.പി.ജി ടെർമിനൽ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, കെ- ഫോൺ, കൊച്ചി വാട്ടർ മെട്രോ, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വൻകിട പദ്ധതികൾ പുരോഗമിക്കുകയാണ്.

ലൈഫ് മിഷൻ പദ്ധതി പ്രകാരം സർക്കാർ ഇതിനകം 5,79,568 വീടുകൾ അനുവദിക്കുകയും അതിൽ 4,52,156 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ് മിഷൻ മുഖേന 1,51,992 പട്ടികജാതി കുടുംബങ്ങൾക്കും 45,048 പട്ടിക വർഗ കുടുംബങ്ങൾക്കും വീട് അനുവദിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയിലൂടെ ഇതിനകം 2,300-ഓളം വീടുകൾ നൽകി. ക്ഷേമ പെൻഷനുകൾക്കായി പ്രതിവർഷം 11,000 കോടി രൂപയോളം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്. യു.ഡി.എഫ് കാലത്ത് 34 ലക്ഷം പേർക്ക് 600 രൂപ നിരക്കിലായിരുന്നു ക്ഷേമ പെൻഷനെങ്കിൽ നിലവിൽ 60 ലക്ഷം പേർക്ക് 1,600 രൂപ വീതം നൽകിവരുന്നു. നാലുവർഷത്തിനകം 2,23,945 പട്ടയങ്ങൾ വിതരണം ചെയ്തു.

വിദ്യാഭ്യാസ

വിപ്ളവം

സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി മാത്രം 5,000 കോടിയോളം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. . ആകെ 973 സ്‌കൂൾ കെട്ടിടങ്ങൾ അനുവദിച്ചവയിൽ 513 എണ്ണവും പൂർത്തിയാക്കാൻ കഴിഞ്ഞു. 50,000 ത്തിലധികം ക്ലാസ് ‌മുറികളാണ് ഹൈടെക്ക് ആക്കി മാറ്റിയത്. സ്‌കൂളുകളിൽ ടിങ്കറിംഗ് ലാബ്, റോബോട്ടിക് ലാബുകൾ എന്നിവ സജ്ജീകരിച്ചു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഫലപ്രദമായ ഇടപെൽ ഫലം കണ്ടു. നാക് റാങ്കിങ്ങിൽ എം.ജി, കേരള സർവകലാശാലകൾക്ക് എ ഡബിൾ പ്ലസ്,​ കലിക്കറ്റ്, കുസാറ്റ്, കാലടി സർവകലാശാലകൾക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു. കേരളത്തിലെ 28 കോളേജുകൾക്ക് എ ഡബിൾ പ്ലസ് ഗ്രേഡും 49 കോളേജുകൾക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ തുടങ്ങിയവ യാഥാർത്ഥ്യമായി.

886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. അയ്യായിരത്തിലധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായി. ജില്ലാ ജനറൽ ആശുപത്രികളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ലഭ്യമാക്കി. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്ലാബും ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റും ആരംഭിച്ചു. താലൂക്ക് ആശുപത്രികളിൽ 44 അധിക ഡയാലിസിസ് യൂണിറ്റുകളാണ് ലഭ്യമാക്കിയത്. മെഡിക്കൽ കോളേജുകൾക്കായി പ്രത്യേക മാസ്റ്റർ പ്ലാനുകൾ നടപ്പാക്കുന്നു. 2016-ൽ രണ്ടു ശതമാനമായിരുന്ന കാർഷിക വളർച്ചാ നിരക്ക് ഇന്ന് 4.64 ശതമാനമാണ്. നെൽകൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്ക് വർദ്ധിച്ചിരിക്കുന്നു.

വ്യവസായം,​

ടൂറിസം


അഭൂതപൂർവമായ നേട്ടങ്ങളാണ് വ്യവസായ മേഖലയിൽ കേരളം കൈവരിച്ചത്. 2016-ൽ വ്യാവസായിക വളർച്ച 12 ശതമാനം ആയിരുന്നത് 17 ശതമാനമായി ഉയർന്നു. ഉത്പാദന മേഖലയുടെ സംഭാവന 9.8 ശതമാനം ആയിരുന്നത് ഇന്ന് 14 ശതമാനമാണ്. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നമ്മൾ ഏറെ മന്നോട്ടുപോയി. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തി. കേരളത്തിൽ 6,400 സ്റ്റാർട്ടപ്പുകളിലൂടെ 63,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. സ്റ്റാർട്ടപ്പ് നിക്ഷേപം 6,000 കോടി രൂപയിലെത്തിയിരിക്കുന്നു. രാജ്യത്തെ ആദ്യ ജെൻ എ.ഐ കോൺക്ലേവിനും റോബോട്ടിക് റൗണ്ട് ടേബിൾ കോൺഫറൻസിനും കേരളം വേദിയായി. കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിൽ ഒന്നര ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപങ്ങൾക്കാണ് ധാരണയായത്. 2016- ൽ 41 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 53 എണ്ണമായി.

ടൂറിസം മേഖലയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ വർഷം രണ്ടേകാൽ കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. ഏഴര ലക്ഷത്തോളം വിദേശ വിനോദസഞ്ചാരികളും കേരളം സന്ദർശിച്ചു. അഡ്വഞ്ചർ ടൂറിസം, സിനി ടൂറിസം, കാരവൻ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിങ്ങനെ പുതുവഴികളിലൂടെ നാം മുന്നേറുകയാണ്.

ലഹരിവിപത്തിനെതിരെ ശക്തമായ പ്രതിരോധമാണ് കേരളം ഉയർത്തുന്നത്. ലഹരിപദാർത്ഥങ്ങളുടെ വിപണനവും സംഭരണവും ഉപയോഗവും തടയാൻ ഓപ്പറേഷൻ ഡി-ഹണ്ട് എന്ന പദ്ധതി കേരള പോലീസ് നടപ്പാക്കിവരികയാണ്. രാജ്യത്ത് ഏറ്റവുമധികം നിയമനങ്ങൾ നടത്തുന്ന പബ്ലിക് സർവീസ് കമ്മിഷനാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ. പി.എസ്.സിയിലൂടെ രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ നടത്തി. 40,000 ത്തോളം തസ്തികകൾ സൃഷ്ടിച്ചു. ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ നാല് ശതമാന സംവരണം ഉറപ്പാക്കി. ഇ-ഓഫീസും ഓൺലൈൻ പോർട്ടലുകളും വഴി ഫയൽ നീക്കവും അപേക്ഷാ നടപടികളും മറ്റും ഓൺലൈൻ ആക്കിയത് വിപ്ലവകരമായ മാറ്റമാണ്.

കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്താൽ നമ്മുടെ തനതു നികുതി വരുമാനം 47,000 കോടി രൂപയിൽ നിന്ന് 81,000 കോടിയായി വർദ്ധിച്ചു. ആകെ തനതു വരുമാനമാകട്ടെ 55,000 കോടിയിൽ നിന്ന് 1,04,000 കോടി രൂപയായി ഉയർന്നു. പ്രതിസന്ധികളിൽ തളരുകയല്ല, അവയെ അവസരങ്ങളാക്കി മുന്നോട്ടു പോവുകയാണ് നാം ചെയ്യുന്നത്. ഇടതു സർക്കാരിന് ഇനിയും ഭരണത്തുടർച്ചയുണ്ടാവുമെന്ന ഉറപ്പാണ് നാലാം വാർഷികാഘോഷങ്ങളിലേക്ക് എത്തുന്ന ജനസാഗരം വ്യക്തമാക്കുന്നത്. കൂടുതൽ പ്രകാശത്തോടെ ജ്വലിക്കുന്ന കേരളത്തിന്റെ ദീപശിഖ അണയാതെ കാക്കാനും നവകേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാനും എൽ.ഡി.എഫ് ഭരണം തുടരാൻ ജനങ്ങളും ആഗ്രഹിക്കുകയാണ്. ആ ആഗ്രഹം ഏല്പിക്കുന്ന വലിയ ഉത്തരവാദിത്വം പ്രതിബദ്ധതയോടെ നിർവഹിച്ച് സർക്കാർ മന്നോട്ടു പോകും.

TAGS: CMPINARAYI, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.