ലഹരിയുടെ മേൽ അരും കൊലകളും അക്രമങ്ങളും വിവാഹമോചനങ്ങളും ഇന്ന് സംസ്ഥാനത്ത് പതിവാണ്. അത്രയേറെ ആഴത്തിൽ ലഹരി സമൂഹത്തെ ബാധിച്ചിട്ടുണ്ടെന്നാണ് ഓരോ ദിവസവും ഉണ്ടാകുന്ന സംഭവങ്ങൾ വെളിവാക്കുന്നത്. ലഹരി യുവതലമുറയെ ഒന്നടങ്കം ദോഷകരമായി ബാധിക്കുമ്പോൾ 'കളിയല്ല, കാര്യമാണ്; ലഹരിയേ വിട'എന്ന മുദ്രാവാക്യവുമായി കോഴിക്കോട്ടെ വോളിബോൾ ഗ്രാമങ്ങൾ സജീവമാവുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാടും നാട്ടുകാരും സർക്കാർ സംവിധാനങ്ങളുമെല്ലാം വോളിബോളിനെ നെഞ്ചേറ്റി ലഹരിയെ പ്രതിരോധിക്കാനുള്ള യജ്ഞത്തിലാണ്. ഒപ്പം ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം ആവേശം ചോരാതെ യുവതലമുറയ്ക്കിടയിൽ സജീവമാകുന്നു.
'പത്താം ക്ലാസ് മുതൽ വോളിബോൾ കളിച്ചുതുടങ്ങിയതാണ്. ലോക്കൽ ടൂർണമെന്റുകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. സ്റ്റേറ്റ് ജൂനിയറും സീനിയറും കളിച്ചു. പക്ഷെ ജോലി ആവശ്യാർഥം നഗരത്തിലേക്ക് ചേക്കേറിയപ്പോൾ കളിയും നിലച്ചു. നഗരത്തിലെവിടെയും കോർട്ടുകളും കളിക്കാരുമില്ല. പതിയെപ്പതിയെ വൈകുന്നേരങ്ങൾ ലഹരിയുടെ വഴികളിലേക്ക് മാറി. പിന്നെ ലഹരിയായി വഴി. നാട്ടിലെ പഴയ കോച്ചാണ് വോളിബോളിലേക്ക് തിരിച്ചു വിളിച്ചത്. ലഹരിവഴിയിൽ ജോലി നഷ്ടമായെങ്കിലും ഇപ്പോൾ നാട്ടിൽ വീണ്ടും കളി തുടങ്ങി. നാട്ടിൽ ഒരു തട്ടുകടയും.. ഇനിയാ വഴികളിലേക്കില്ല...' കോഴിക്കോട്ടെ കിഴക്കൻ മലയോര ഗ്രാമത്തിൽ നിന്നും വോളിബോളിൽ ഉദിച്ചുയർന്ന് യൗവ്വനത്തിൽ അസ്തമിച്ചുപോയ ഒരു വോളി താരത്തിന്റെ വാക്കുകൾ. ഇത്തരത്തിൽ വിടരും മുമ്പേ കൊഴിഞ്ഞുപോകാതിരിക്കാനുള്ള നാടിന്റെ യജ്ഞം സമൂഹത്തിന്റേതും സർക്കാരിന്റേതുമാണ്.
വോളി ലഹരിയിൽ ഗ്രാമങ്ങൾ
കോഴിക്കോടിന്റെ മലയോര ഗ്രാമങ്ങളെല്ലാം ഇപ്പോൾ വോളി ലഹരിയിലാണ്. വടകര, നാദാപുരം, കുറ്റിയാടി, നരിക്കുനി, ചേളന്നൂർ, പയമ്പ്ര, കക്കോടി, വെങ്ങളം, കൊടുവള്ളി, നടുവണ്ണൂർ, പനങ്ങാട്, കാരന്തൂർ, അത്തോളി, വാണിമേൽ തുടങ്ങിയ മേഖലകളിലെല്ലാം ഇപ്പോൾ രാപകലുകളില്ലാതെ വോളിബോൾ കൊണ്ടാടുന്നു. കോച്ചിംഗ് ക്യാമ്പുകളും നിരവധിയാണ്. തലങ്ങും വിലങ്ങും നടത്തപ്പെടുന്ന പ്രൈസ്മണി ടൂർണമെന്റുകൾക്കും കുറവില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വോളിതാരങ്ങളെ വാർത്തെടുത്ത പ്രമുഖ കോച്ച് മണിയൂർ രാജൻ പറയുന്നത് കേൾക്കുക,
'ഗ്രാമങ്ങളിൽ കോച്ചിംഗ് ക്യാമ്പുകൾ ഉത്സവങ്ങളായി മാറിയിട്ടുണ്ട്. നാട്ടിൽ ലഹരിയുടെ വ്യാപനം വലുതായതോടെ രക്ഷിതാക്കൾക്ക് മക്കളുടെ കാര്യത്തിൽ ഉത്കണ്ഠയും ഭയവുമുണ്ടായിട്ടുണ്ട്. രാസലഹരികൾക്കൊപ്പം മൊബൈൽ ഫോൺ അഡിക്ഷനും വല്ലാതെ യുവതയെ ചതിക്കുഴികളിഴാത്തുകയാണ്. അതിന് പരിഹാരം തേടിയാട്ടാണ് മക്കളെ വോളിബോളിലേക്ക് വഴിതിരിച്ചത്. അതിന് സർക്കാർ സംവിധാനങ്ങളും ഒപ്പമുണ്ട്. വടകരയിലെ പുതുപ്പണത്താണിപ്പോൾ ക്യാമ്പ് നടത്തുന്നത്. ഇരിങ്ങൽപപ്പനും അയേൺഫിങ്കർ മുകുന്ദനും പ്രേംജിത്തുമെല്ലാം താരങ്ങളായ വടകര കഴിഞ്ഞ കുറേക്കാലമായി വോളിബോളിൽ പിറകോട്ടായിരുന്നു. ഇപ്പോൾ വീണ്ടും ചലിച്ച് തുടങ്ങിയിരിക്കുന്നു. ആദ്യ ദിവസം ക്യാമ്പിൽ 40കുട്ടികളായിരുന്നു. ഇപ്പോഴത് 65 ആയി. അതിൽ തന്നെ നാളെ ഇന്ത്യൻവോളിബോളിൽ വലിയ ചലനങ്ങളുണ്ടാക്കാൻ പ്രാപ്തിയുള്ള കുട്ടികളുണ്ടെന്ന് അവർക്ക് ഗ്രൗണ്ട്‌ലവൽ കോച്ചിംഗ് നൽകാനായ ആൾ എന്ന നിലയിൽ വലിയ അഭിമാനം തോന്നുന്നു...'
ഇത് വടകരയുടെ മാത്രമല്ല. കോഴിക്കോട് പയമ്പ്രയിൽ സ്വന്തം പണം ചെലവഴിച്ച് സ്ഥലം വാങ്ങി വോളിബോൾ കോർട്ടുണ്ടാക്കിയ നിർമാണത്തൊഴിലാളി ദിനേശ് കുമാറിനെപ്പോലുള്ളവരുടെ അർപ്പണ ബോധവും വലുതാണ്. പയമ്പ്ര അക്കാഡമിയിൽ ദിവസവും 150കുട്ടികളാണ് പരിശീലിക്കുന്നത്. അതിൽ തന്നെ 50കുട്ടികൾ പെൺകുട്ടികളാണ്. നാടുമുഴുവൻ കളി ലഹരിയിലേക്ക് നീങ്ങുമ്പോൾ മദ്യ-മയക്കുമരുന്ന് ലഹരിയേ വിട എന്നുപറയുന്ന ഒരു പുതുതലമുറയുടെ ഉദയംകൂടി നാട്ടിലുണ്ടാവുകയാണ്. ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം ജില്ലയുടെ മറ്റിടങ്ങളിലും സജീവമായിട്ടുണ്ട്. സെവൻസ് ടൂർണമെന്റുകളുടെ പൂരമാണ് മിക്കയിടത്തും. ഇന്ത്യൻ വോളി മുൻ ക്യാപ്റ്റൻ കിഷാർ കുമാറിന്റെ വാക്കുകളിലേക്ക്......
കളിക്കളങ്ങളില്ലാതായപ്പോഴാണ് കുട്ടികൾ മറ്റ് ലഹരികളിലേക്ക് തിരിഞ്ഞത്. രക്ഷിതാക്കളും അദ്ധ്യാപകരും ഇതിന് പ്രധാന കാരണമായി മാറിയിട്ടുണ്ട്. പഠിക്കണം പഠിക്കണം എന്നുമാത്രം പറഞ്ഞ് കുട്ടികളെ ഒരു വഴിയിലൂടെ മാത്രം നടത്തിയപ്പോഴാണ് കളിക്കളങ്ങളും കളികളും അപ്രത്യക്ഷമായത്. കളിക്കളങ്ങൾ തിരിച്ചുകൊണ്ടുവന്നതുകൊണ്ടുമാത്രം കാര്യമില്ല. വിവിധ തരം കളികളിലടങ്ങിയ ലഹരി അവരുടെ സിരകളിലേക്ക് എത്തിക്കുമ്പോഴാണ് ലഹരി ഉപയോഗം പാടെ തുടച്ച് നീക്കപ്പെടുകയും കായിക ലഹരി അവരിലേക്ക് കുത്തിവെക്കുകയും ചെയ്യുന്നത്. കായിക ഭേദമന്യേ നമുക്കെല്ലാവർക്കും ഇതിൽ അണിനിരക്കാം.
പഞ്ചായത്ത് തല
ടൂർണമെന്റുകൾ വേണം
ഒരു കാലത്ത് കോഴിക്കോട് നഗരങ്ങളിലെ വോളിബോൾ ജീവിച്ചത് പഞ്ചായത്ത് തലത്തിലായിരുന്നു. കേരളോത്സവങ്ങളും ലീഗ് വോളിബോളുകളുമെല്ലാമായി ടൂർണമെന്റുകളെല്ലാം സജീവമായിരുന്നു. അങ്ങനെ ജില്ലയിൽ നിന്നും വളർന്നു വന്നത് നിരവധിയായ താരങ്ങളാണ്. ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്ന് കളിസ്ഥലങ്ങൾ അപ്രത്യക്ഷമായതും സ്‌പോർട്‌സ് പഞ്ചായത്തുകളുടെ പ്രധാന പരിഗണനയില്ലാതെ പോയതും കോഴിക്കോട്ട് മാത്രമല്ല കേരളത്തിലങ്ങോളം വലിയ പ്രശ്‌നമായിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽക്കൂടെ കളികളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങളും ഒരു പഞ്ചായത്തിലും ഒരു സ്റ്റേഡിയമെങ്കിലും ഉണ്ടാക്കിയാൽ നാടിന്റെ കളി ലഹരിയെ തിരിച്ചുപിടിക്കാനുമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |