കൊച്ചി: 'ആയിരം കോഴിക്ക് അരക്കാട' എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന പദ്ധതിയുമായി മൃഗസംരക്ഷണ വകുപ്പ്. നഗരപ്രദേശങ്ങളിലെ ഇടുങ്ങിയ ചുറ്റുപാടിലും വീട്ടാവശ്യത്തിനുള്ള കാടമുട്ട ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് 'സ്നേഹകൂട്'. പത്ത് പെൺകാടകളും 5കിലോതീറ്റയും ഉൾപ്പെടെ 50 ശതമാനം സബ്സിഡി കഴിച്ച് 2750രൂപയ്ക്ക് സ്വന്തമാക്കാം. എന്റെ കേരളം പ്രദർശന വിപണന മേളയിലെ മൃഗസംരക്ഷണവകുപ്പിന്റെ സ്റ്റാൾ സന്ദർശിച്ചാൽ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.
ഓട്ടോമാറ്റിക് നിപ്പിൾ സംവിധാനം, എഗ്ഗ് ട്രെ, ഫീഡർ ട്രെ, മുട്ട -തീറ്റ സംരക്ഷണ സംവിധാനം, ഡ്രോപ്പിംഗ് കളക്ഷൻ ട്രെ തുടങ്ങിയ അത്യാവശ്യ സാമഗ്രികളെല്ലാമുള്ള സ്നേഹക്കൂടുകൾ വീടിന്റെ പൂമുഖത്തോ മട്ടുപ്പാവിലോ തൂക്കിയിടാം.
ആന്ധ്രാപ്രദേശിന്റെ പുങ്കന്നൂർ പശുവും അക്ഷരനഗരിയുടെ സ്വന്തം വെച്ചൂരും മേളയിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഒരു മീറ്ററിൽ താഴെ ഉയരവും 200കി.ഗ്രാം ശരാശരി ഭാരവുമുള്ള പുങ്കന്നൂർ പശു ദിവസവും രണ്ട് കിലോഗ്രാം വരെ പാൽ ചുരത്തും. കാഴ്ചയിൽ ചെറുതെങ്കിലും ഒരു ലക്ഷം മുതൽ 10ലക്ഷം രൂപവരെ വിലയുണ്ട്.
കോട്ടയം ജില്ലയിലെ തദ്ദേശിയ ഇനമാണ് വെച്ചൂർ പശു. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശുക്കളുടെ കൂട്ടത്തിലുള്ള വെച്ചൂരിന് ഒരുലക്ഷം വരെ വിലയുണ്ട്.
വീടുകളിൽ കോഴിമുട്ട വിരിയിക്കാനുള്ള ഇൻകുബേറ്റർ സംവിധാനം, കന്നുകാലി ഇൻഷ്വറൻസ്, ഉദയമിത്ര സ്റ്റാർട്ട് അപ്പ് സംരംഭം തുടങ്ങി കർഷകർക്ക് അറിവ് നൽകാൻ ആവശ്യമായതെല്ലാം മറൈൻ ഡ്രൈവിലെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. 23ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |