കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപം പെരിയാർ കടുവസങ്കേതത്തിലെ 23 മരങ്ങൾ മുറിച്ചുമാറ്റാൻ കേരളം സമ്മതിക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശം ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ തമിഴ്നാടിന് വഴിയൊരുക്കും. അറ്റകുറ്റപ്പണികൾ നടത്താനുള്ള സാധനങ്ങൾ എത്തിക്കുന്നതിന് തടസം നിൽക്കരുതെന്നും കേരളത്തോട് കോടതി പറഞ്ഞിട്ടുണ്ട്.
1979ൽ സെൻട്രൽ വാട്ടർ കമ്മിഷൻ നിർദ്ദേശിച്ചിരുന്ന അറ്റകുറ്റപ്പണികളിൽ ബാക്കിയുള്ളത് പൂർത്തിയാക്കിയാൽ, മുൻകോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി പരമാവധി സംഭരണശേഷിയായ 152 അടിയിലേക്ക്
ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാട് നിർബന്ധം പിടിക്കും. പൂർണ സംഭരണമാണ് ലക്ഷ്യമെന്ന്
ഡി.എം.കെ സർക്കാർ പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ബലക്ഷയം ഉള്ളതിനാൽ അതു സാദ്ധ്യമല്ലെന്ന നിലപാടിലാണ് കേരളം.
ദുർബലാവസ്ഥയിലായ അണക്കെട്ടിലെ ജലനിരപ്പ് 120അടിയിലേക്ക് താഴ്‌ത്തണമെന്നാണ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ കേരളം ആവശ്യപ്പെടുന്നത്. ബേബി ഡാം പൊളിച്ചുമാറ്റി അതേസ്ഥാനത്ത് പുതിയ സ്പിൽവേ ഷട്ടറുകൾ നിർമ്മിച്ചാൽ മാത്രമേ 120 അടിയിലേക്ക് ജലനിരപ്പ് താഴ്‌ത്താൻ സാധിക്കൂ. ഇപ്പോഴത്തെ സ്പിൽവേ ഷട്ടർ 136 അടിക്ക് മുകളിലാണ്. ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദം തമിഴ്നാട് മുഖവിലയ്‌ക്ക് എടുക്കുന്നില്ല.
2021സെപ്തംബറിൽ സംസ്ഥാന ജലവിഭവ വകുപ്പിന്റെ തീരുമാന പ്രകാരം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആയിരുന്ന ബെന്നിച്ചൻ തോമസ് ബേബിഡാമിന് പിൻഭാഗത്തെ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് വിവാദമായിരുന്നു. 2021നവംബർ 11ന് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത ബെന്നിച്ചനെ ഡിസംബർ 10നാണ് കുറ്റവിമുക്തനാക്കിയത്.
ബേബി ഡാം ഭീഷണി
1896ൽ കമ്മിഷൻ ചെയ്തതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലാത്ത ബേബി ഡാം കേരളത്തിന് കനത്ത ഭീഷണിയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 115അടിക്ക് മുകളിൽ 142 അടിവരെ താങ്ങിനിറുത്തുന്നത് ബേബി ഡാമാണ്. ജലനിരപ്പ് ഇനി വർദ്ധിപ്പിച്ചാലും താങ്ങേണ്ടിവരുന്നത് ബേബി ഡാമാണ്.
അറ്റകുറ്റപ്പണികൾ
പ്രധാന അണക്കെട്ടിന്റെ പാരപ്പെറ്റ് ഭിത്തിയുടെ 20 ശതമാനവും ബേബിഡാം, മണ്ണ് തടയണ (എർത്ത് ബണ്ട്) എന്നിവയുടെ ബലപ്പെടുത്തലുമാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദ്ദേശിച്ചിരുന്ന അറ്റകുറ്റപ്പണികളിൽ അവശേഷിക്കുന്നത്. വള്ളക്കടവിൽ നിന്ന് കടുവ സങ്കേതത്തിലൂടെയുള്ള കൂപ്പ് റോഡ് വികസിപ്പിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |