മലപ്പുറം: കൂരിയാടിൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ ആറുവരി ദേശീയപാത കഴിഞ്ഞ ദിവസം തകർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിട്ടി. സംഘം ഇന്ന് സ്ഥലം സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. റോഡ് ഇടിയാനുള്ള കാരണം, നിർമ്മാണത്തിൽ വീഴ്ചയോ അശാസ്ത്രീയതയോ സംഭവിച്ചോ, ഇനി തുടരേണ്ട നിർമ്മാണരീതി തുടങ്ങിയവ പരിശോധിക്കും. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയും സ്ഥലം സന്ദർശിക്കും. റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടിയെടുക്കുമെന്ന് കളക്ടർ വി.ആർ.വിനോദ് പറഞ്ഞു.
കനത്ത മഴയിൽ റോഡിന്റെ അടിത്തറയിലുണ്ടായ സമ്മർദ്ദത്തിൽ, സമീപത്തെ വയൽ വികസിച്ച് വിള്ളലുണ്ടായി മണ്ണ് തെന്നിമാറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻഷുൽ ശർമ്മ പറഞ്ഞു. വയൽപ്രദേശത്തെ അശാസ്ത്രീയ നിർമ്മാണമാണ് തകർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന ആരോപണം ശരിയല്ല. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് റോഡ് നിർമ്മിച്ചതെന്നും വ്യക്തമാക്കി.
ജില്ലാ കളക്ടർ ദേശീയപാത അതോറിട്ടി, നിർമ്മാണ ചുമതലയുള്ള കമ്പനി, ജനപ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തകർന്ന റോഡ് സന്ദർശിച്ച യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും പി.കെ.കുഞ്ഞാലിക്കുട്ടിയും നിർമ്മാണം അശാസ്ത്രീയമാണെന്ന് കുറ്റപ്പെടുത്തി. ഇവിടെ മേൽപ്പാലമാണ് വേണ്ടതെന്നും പറഞ്ഞു.
തലപ്പാറയിലും വിള്ളൽ
കൂരിയാട് നിന്ന് നാല് കിലോമീറ്റർ അകലെ തലപ്പാറയിൽ ഇന്നലെ റോഡിന് നടുവിൽ 50 മീറ്ററോളം വിള്ളലുണ്ടായി. മണ്ണിട്ട് ഉയർത്തിയ ഭാഗമാണിത്. ഇരുവശത്തും നെൽപ്പാടങ്ങളുമുണ്ട്.
കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്നവർ തലപ്പാറയിൽ നിന്ന് ചെമ്മാട് -തിരൂരങ്ങാടി വഴി പോകണം. തൃശൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്നവർ കക്കാട് നിന്ന് തിരൂരങ്ങാടി - മമ്പുറം വഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |