മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്യുന്ന ഒട്ടനവധി അഭിനേതാക്കളും യഥാർത്ഥ ജീവിതത്തിൽ അങ്ങനെയുളളവരായിരിക്കണമെന്നില്ല. പല താരങ്ങളുടെയും വ്യക്തിജീവിതം പരിശോധിക്കുകയാണെങ്കിൽ അക്കാര്യം മനസിലാകും. മലയാള സിനിമയിൽ അധികം സജീവമല്ലെങ്കിലും മലയാളികളുടെ മനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന നടനാണ് വെട്ടുകിളി പ്രകാശ്. തൃശൂരിലെ അയ്യന്തോളിൽ ജനിച്ച പ്രകാശ് വി ജി, എങ്ങനെയാണ് വെട്ടുകിളി പ്രകാശായതെന്നും നാട്ടുകാരുടെ പ്രകാശേട്ടനായതെന്നും കേരള കൗമുദി ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
1987ൽ തീയേറ്ററുകളിലെത്തിയ 'തീർത്ഥം' എന്ന ചിത്രത്തിൽ കുഞ്ഞൻ നമ്പൂതിരിയുടെ വേഷം ചെയ്താണ് വെട്ടുകിളി പ്രകാശ് സിനിമാഭിനയ രംഗത്തേക്കെത്തുന്നത്. എന്നാൽ മലയാളിയുടെ മനസിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് 2017ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം വരെ കാത്തിരിക്കേണ്ടി വന്നു. ചിത്രത്തിൽ നായികയായ നിമിഷാ സജയന്റെ അച്ഛന്റെ വേഷമായിരുന്നു പ്രകാശിന്. സാധാരണക്കാരനായ അച്ഛനായിരുന്നു പ്രകാശ്. 'എന്നോട് ഇഷ്ടം കൂടാമോ' എന്ന ചിത്രത്തിൽ പ്രകാശ് അഭിനയിച്ച വേഷത്തിന്റെ പേരായിരുന്നു വെട്ടുകിളി. അതോടെ തന്നെ അറിയാവുന്നവർ വെട്ടുകിളി പ്രകാശെന്ന് വിളിക്കാൻ തുടങ്ങിയെന്നും നടൻ പറയുന്നു. അയ്യന്തോളിലെ എൽഐസി ഏജൻസി നടത്തിപ്പുക്കാരൻ കൂടിയാണ് അദ്ദേഹം. ജോലിക്കിടയിൽ തന്നെ തേടിയെത്തുന്ന വേഷങ്ങൾ ചെയ്യും, ഷൂട്ടിംഗ് കഴിഞ്ഞാൽ തിരികെ തൃശൂരിലെത്തി ജോലി തുടരുമെന്നും പ്രകാശ് പറയുന്നു.
ഇതിനിടയിൽ തന്നെത്തേടിയെത്തിയ ഒരു വലിയ അവസരത്തെക്കുറിച്ചും പ്രകാശ് ഓർത്തെടുത്തു. അത് നവാഗതനായ ഉണ്ണി കെ ആർ സംവിധാനം ചെയ്ത് ഫീച്ചർ ചിത്രം ഒങ്കാറയായിരുന്നു. കാസർകോടൻ മണ്ണിലെ മൺമറഞ്ഞുക്കൊണ്ടിരിക്കുന്ന മാവിലൻ ഗോത്ര സമൂഹത്തിന്റ കഥ പറയുന്ന ചിത്രമാണ് ഒങ്കാറ. മാർക്കോടി ഭാഷയിലായിരുന്നു ഒങ്കാറ. രാജ്യത്തിനകത്തും പുറത്തും പ്രദർശിപ്പിക്കപ്പെട്ട ഒങ്കാറയെ തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തിയത്.
അതിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു ബാങ്കോക്ക് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരങ്ങൾ. ചലച്ചിത്രോത്സവത്തിൽ ഒങ്കാറയ്ക്ക് മൂന്ന് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. അതിൽ മികച്ച ആഖ്യാന നടനായി തിരഞ്ഞെടുത്തത് പ്രകാശിനെയായിരുന്നു. ഗോത്രത്തിലെ ഒരു മുതിർന്ന കലാകാരന്റെ വേഷമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. ഈ അംഗീകാരം തനിക്ക് അഭിനയരംഗത്ത് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചെറുപ്പം മുതൽക്കേ നടനാകണം എന്ന മോഹമുണ്ടായിരുന്ന പ്രകാശ് തൃശൂരിലെ സ്‌കൂൾ ഒഫ് ഡ്രാമയിൽ നിന്ന് സ്റ്റേജ് അഭിനയത്തിലാണ് ബിരുദം സ്വന്തമാക്കിയത്. പിന്നീട് നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ടെക്നിക്കൽ കാര്യങ്ങൾ പഠിക്കണമെന്ന് ആഗ്രഹമുളളതുകൊണ്ട് സിനിമയിൽ എത്തുകയും പിന്നീട് ചെറിയ വേഷങ്ങൾ ചെയ്യാൻ അവസരം ലഭിക്കുകയുമായിരുന്നു. ഇസബെല്ല, പിറവി, കിഴക്കൻ പത്രോസ്, പുതുക്കോട്ടയിലെ പുതുമണവാളൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, അച്ചുവിന്റെ അമ്മയ്ക്ക്, കഥ പറയുമ്പോൾ, വെറുതെ ഒരു ഭാര്യ, ഉറുമ്പുകൾ ഉറങ്ങാറില്ല, വെളളം, അമ്പിളി, പുളളി തുടങ്ങി നൂറിൽപ്പരം ചിത്രങ്ങളിലും പ്രകാശ് അഭിനയിച്ചു.
സിനിമയിൽ അവസരങ്ങൾ കുറഞ്ഞുപോകുന്നതായി തോന്നാറുണ്ടോയെന്ന ചോദ്യത്തിനോട് ഒരു ചിരിയോടെയാണ് പ്രകാശ് ഉത്തരം പറഞ്ഞത്. താനൊരു പരാജയപ്പെട്ട ജീവിതത്തിന്റെ ഉടമയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിനിമാ കരിയറിന്റെ ഏറ്റക്കുറച്ചിലുകളൊന്നും എവിടെയും രേഖപ്പെടുത്തി വച്ചിട്ടില്ലെന്നാണ് പ്രകാശ് പറഞ്ഞത്. 'എത്തുന്ന ലൊക്കേഷനുകളിലും അധികം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറില്ല.
ചിലപ്പോൾ അതായിരിക്കാം അവസരങ്ങൾ നഷ്ടപ്പെടുന്നതിന്റെ കാരണവും. സിനിമാക്കാർ മരിച്ചാലും അവർ അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ജീവിക്കുമെന്ന് പറയുന്നവരുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് അതിനോട് യോജിപ്പില്ല. ഒരു കഥാപാത്രത്തെ അഭിനയിച്ചുക്കഴിയുമ്പോൾ നമ്മൾ മരിക്കുകയാണ്. നമ്മുടെ ജീവിതവുമായി അതിന് ബന്ധമില്ല. എന്നെ സംബന്ധിച്ച് ജീവിച്ചിരിക്കുമ്പോൾ ഗുണമില്ല. പിന്നെയാണ് മരിക്കുമ്പോൾ എന്ന അഭിപ്രായമാണുളളത്. അവസരം നമ്മൾ തന്നെ കണ്ടെത്തിയാൽ ഒരു പ്രശ്നവുമില്ല. അത് സിനിമയിലായാലും ജീവിതത്തിലായാലും'-പ്രകാശ് പറഞ്ഞു.
സിനിമയിൽ നിന്ന് പലതും പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പല അഭിനേതാക്കളും പറയുന്നത് കേട്ടിട്ടുണ്ട്, എന്നാൽ താൻ ചെയ്യുന്ന ജോലിയിൽ നിന്നാണ് പല കാര്യങ്ങളും പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഒരു കലാകാരൻ വലിയ സംഭവമല്ല. അയാൾക്ക് സമൂഹത്തിനുവേണ്ടി വലുതായിട്ടൊന്നും ചെയ്യാൻ സാധിക്കണമെന്നില്ല. ഞാൻ അതൊക്കെ ചെയ്തത് ജോലിയിലൂടെയാണ്. ഒരു സിനിമ ചെയ്തുകഴിഞ്ഞ് അഞ്ച് വർഷത്തെ ഗ്യാപ്പെടുത്തിട്ടാണ് അടുത്ത വേഷം ചെയ്യുന്നതും ലഭിക്കുന്നതും.ഇനിയുളള കാലത്ത് അഭിനയിക്കാൻ കഴിയുമോയെന്ന് പോലും അറിയില്ല. പരിചയമുള്ള ആളുകൾ നമുക്ക് ചെയ്യാൻ പറ്റുന്ന തരത്തിലെ വേഷങ്ങൾ തരുമ്പോൾ പറ്റാവുന്നത് പോലെ ചെയ്ത് മിണ്ടാതെയിരിക്കുക'- പ്രകാശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |