തിരുവനന്തപുരം: പട്ടിക വിഭാഗക്കാരെ കണ്ടാൽ മോഷ്ടാക്കളെന്നും കുറ്റവാളികളെന്നും തോന്നുന്ന 'പ്രത്യേക അസുഖമാണ് ' പൊലീസിലെ ഒരു വിഭാഗത്തിന്. മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് എട്ടു വയസുള്ള ദളിത് ബാലികയെയും പിതാവിനെയും പിങ്ക് പൊലീസിലെ വനിതാ ഉദ്യോഗസ്ഥ ആറ്റിങ്ങലിൽ നടുറോഡിൽ വിചാരണ നടത്തിയതിന് പിന്നാലെയാണ് പേരൂർക്കട സ്റ്റേഷനിലെ ദളിത് പീഡനം.
പൊലീസുകാരിയുടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്ന് ലഭിച്ചിട്ടും കുട്ടിയോട് ക്ഷമ ചോദിക്കാതെ വിരട്ടുകയായിരുന്നു. ബാലികയ്ക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും,25,000രൂപ കോടതിച്ചെലവായും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെത്തിയ വയനാട്ടിലെ ആദിവാസിയായ വിശ്വനാഥനെ സെക്യൂരിറ്റിക്കാർ മോഷണക്കുറ്റമാരോപിച്ച് മർദ്ദിച്ചു.
പിറ്റേദിവസം ആശുപത്രി പരിസരത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന പൊലീസ് റിപ്പോർട്ട് തള്ളിയ എസ്.സി-എസ്.ടി കമ്മിഷൻ പട്ടികവിഭാഗ പീഡനനിരോധന നിയമപ്രകാരം കേസെടുക്കാൻ ഉത്തരവിട്ടു. വിശ്വനാഥനെ മർദ്ദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
കസ്റ്റിഡിയിലും ക്രൂരത
1)കൽപ്പറ്റ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ്,പ്രായപൂർത്തിയാവാത്ത ആദിവാസി യുവാവ് ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞ മാസം കാണപ്പെട്ടത്. മുട്ടിൽ സ്വദേശിയായ പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടായിരുന്നു പിടികൂടിയത്. പൊലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. സി.ബി.ഐ അന്വേഷണത്തിന് ഡി.ജി.പി ശുപാർശ നൽകിയിട്ടുണ്ട്. 2 ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്.
2)മാല മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത തൃശൂരിലെ ദളിത് യുവാവ് വിനായകൻ(18) പാവറട്ടി സ്റ്റേഷനിലെ ക്രൂരമർദ്ദനത്തെതുടർന്നാണ് ജീവനൊടുക്കിയത്. വിനായകനും സുഹൃത്തായ പെൺകുട്ടിയും സംസാരിച്ചു നിൽക്കവേ,തൊട്ടുമുൻപ് അവിടെ നടന്ന മാല മോഷണം വിനായകനാണ് നടത്തിയതെന്നാരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. മർദ്ദിച്ച പൊലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ എസ്.സി/എസ്യടി സ്പെഷൽ കോടതി ഉത്തരവിട്ടിരുന്നു.
3)ഇടുക്കി ഉപ്പുതറയിൽ കാട്ടിറച്ചി ഓട്ടോയിൽ കടത്തിയെന്നാരോപിച്ച് ആദിവാസി കോളനിയിലെ സരുണിനെ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. ആദിവാസികളുടെ പ്രതിഷേധത്തെ തുടർന്നുള്ള അന്വേഷണത്തിൽ കള്ളക്കേസാണെന്ന് കണ്ടെത്തി 6 ഉദ്യോഗസ്ഥരെ സസ്പെൻഡ്ചെയ്തു. 13 ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തു.
അതിക്രമക്കേസുകൾ
2021-------1,081
2022-------1,222
2023-------1,313
2024-------1,269
2025-------107 (ജനു. മാത്രം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |