തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നേരിട്ട പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് വീട്ടുവേലയ്ക്കു പോയിരുന്ന ദളിത് യുവതി ബിന്ദു 'കേരളകൗമുദി'യോട് പറഞ്ഞു. ആറ്റിങ്ങലിൽ നടുറോഡിൽ പിങ്ക്പൊലീസ് പരസ്യവിചാരണ നടത്തിയ എട്ടുവയസുകാരിയും കുടുംബവും ഇന്ന് കാണാനെത്തുമെന്നറിയിച്ചിട്ടുണ്ട്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കുപ്പിവെള്ളം വച്ചിരിക്കുന്ന സ്ഥലത്തേക്ക് എ.എസ്.ഐ പ്രസന്നൻ ചൂണ്ടിക്കാണിക്കുന്നത് സി.സി.ടി.വിയിലുണ്ടെന്ന പൊലീസിന്റെ കഥ വ്യാജമാണെന്നും ബിന്ദു പറഞ്ഞു.
സസ്പെൻഷനിലായ എസ്.ഐ പ്രസാദ്, എ.എസ്.ഐ പ്രസന്നൻ എന്നിവർക്കു പുറമെ ഒരു പൊലീസുകാരൻ കൂടി തന്നെ ക്രൂരമായി അധിക്ഷേപിച്ചു. അയാളുടെ പേരറിയില്ല, കണ്ടാലറിയാം. ആ പൊലീസുകാരനെതിരെയും നടപടി വേണം.
'രണ്ടു ലക്ഷം രൂപ വിലയുള്ള മുതലാണ്. മാല കട്ടത് നീ തന്നെ"- രണ്ടു പുരുഷ പൊലീസുകാരും രണ്ട് വനിത പൊലീസുകാരും ചുറ്റും നിന്ന് ആക്രോശിച്ചു. ചെയ്യാത്ത കുറ്റം എന്റെ തലയിൽ അടിച്ചേൽപ്പിക്കാനായിരുന്നു ശ്രമം. മക്കളെ കേസിൽ കുടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോഴാണ് കൂട്ടുകാരിയുടെ കൈയിൽ കൊടുത്തെന്ന് പറയേണ്ടിവന്നത്. വീട്ടിൽ തിരച്ചിലിനെത്തിച്ചിട്ടും ഒന്നും കിട്ടാതായതോടെ പൊലീസുകാർ നിരാശരായി. തിരിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ മാലയെടുത്തെന്ന് സമ്മതിക്കാൻ പൊലീസുകാർ നിർബന്ധിച്ചു. അവരുടെ തെറിവിളി കേട്ടാൽ ആരും കുറ്റമേറ്റുപോവുമെന്നും ബിന്ദു പറഞ്ഞു.
ദളിത് യുവതിക്ക് പൊലീസ് പീഡനം:
എ.എസ്.ഐയ്ക്കും സസ്പെൻഷൻ
തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതി ആർ.ബിന്ദുവിനെ (39) മാനസികമായി പീഡിപ്പിച്ചസംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ പ്രസന്നകുമാറിനെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിലെ ജി.ഡി ചാർജ്ജ് പ്രസന്നനായിരുന്നു. പ്രസന്നകുമാറിന്റെ പെരുമാറ്റം പ്രൊഫഷണൽ അല്ലാത്തതായിരുന്നെന്നും അമിതാധികാരം കാട്ടിയെന്നും കന്റോൺമെന്റ് അസി.കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ശംഖുംമുഖം അസി.കമ്മിഷണർ വകുപ്പുതല അന്വേഷണം നടത്തും. കഴിഞ്ഞദിവസം എസ്.ഐ എസ്.ജി. പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ടോയ്ലറ്റിൽ പോയി എടുത്തുകുടിക്കാൻ പ്രസന്നനാണ് പറഞ്ഞതെന്നാണ് ബിന്ദുവിന്റെ ആരോപണം.മാലയെടുത്തെന്ന് സമ്മതിച്ചില്ലെങ്കിൽ പ്രായപൂർത്തിയാവാത്ത രണ്ടു പെൺമക്കളെ കൂട്ടുപ്രതികളാക്കുമെന്നും എ.എസ്.ഐ ഭീഷണിപ്പെടുത്തി. അടിക്കാൻ കൈയോങ്ങുകയും ചെയ്തു. എസ്.എച്ച്.ഒ ആർ. ശിവകുമാറിനെതിരെയടക്കം ബിന്ദു ആരോപണമുന്നയിച്ചിട്ടുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കടേഷിന് സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും.
''ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് പ്രസന്നനാണ്. സസ്പെൻഷൻ നടപടിയിൽ സന്തോഷമുണ്ട്. ഇനി ഒരാൾകൂടിയുണ്ട്.
-ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |