ന്യൂഡൽഹി: പുതിയ മാറ്റങ്ങളുമായി സൊമാറ്റോ ഫുഡ് ഡെലിവറി ആപ്പ്. ദൂരം കൂടുതലുള്ള ഡെലിവറിക്കായി ഇനിമുതൽ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കും. നാല് കിലോമീറ്ററിൽ കൂടുതലുള്ള ഫുഡ് ഡെലിവറിക്ക് 'ലോംഗ് ഡിസ്റ്റൻസ് സർവീസ് ഫീ' എന്ന പേരിലാണ് അധികതുക ഈടാക്കുന്നത്.
150 രൂപയ്ക്ക് മുകളിലുള്ള ഓർഡർ ആണെങ്കിൽ, നാല് മുതൽ ആറ് കിലോമീറ്ററുകൾവരെയുള്ള ഡെലിവറിക്കായി 15 രൂപയാണ് ഈടാക്കുന്നത്. ആറ് കിലോമീറ്ററിൽ കൂടുതലാണെങ്കിൽ 25നും 25നും ഇടയിൽ ഫീസ് ഈടാക്കും. മൊത്ത സർവീസ് ചാർജ് 30 ശതമാനത്തിൽ കൂടുതലാകില്ലെന്ന് സൊമാറ്റോ തന്റെ റസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചതായാണ് വിവരം. എന്നാലിത് 45 ശതമാനംവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ചില റെസ്റ്റോറന്റുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കമ്മിഷൻ തുകയിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുകയാണെന്നും ഇക്കാര്യം സൊമാറ്റോയോട് പരാതിപ്പെടുമെന്നും ചില റെസ്റ്റോറന്റ് ഉടമകൾ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി സൊമാറ്റോയിൽ നിന്ന് കുറച്ചുദിവസത്തേയ്ക്ക് മാറിനിൽക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും ചിലർ പറയുന്നു.
ഫുഡ് ഡെലിവറിയുടെ ദൂരത്തിന്റെ അടിസ്ഥാനത്തിൽ സൊമാറ്റോ അടുത്തിടെ റേറ്റിംഗ് പ്രദർശിപ്പിക്കുന്നത് ആരംഭിച്ചിരുന്നു. ഡെലിവറി ദൂരം കൂടുന്തോറും ഉപഭോക്താക്കളുടെ സംതൃപ്തി കുറയുകയാണെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സർവീസ് ഫീസ് ഏർപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. അതേസമയം, ഫുഡ് ഡെലിവറി വിപണി പ്രതിസന്ധി നേരിടുന്ന സമയത്താണ് സൊമാറ്റോ പുതിയ മാറ്റം ഏർപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെയായി സൊമാറ്റോയും എതിരാളിയായ സ്വിഗ്ഗിയും വാർഷിക വളർച്ചയിൽ 20 ശതമാനം ഇടിവാണ് നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |