ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളിൽ യാത്രയും ആവർത്തന യാത്രയുമായി പ്രതിവർഷം കയറിയിറങ്ങുന്നത് 700 കോടി ആളുകളാണ്. ദിനംപ്രതി 13,198 ട്രെയിനുകൾ തലങ്ങും വിലങ്ങും കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. മിക്ക ദീർഘദൂര ട്രെയിനുകൾക്കും ഇപ്പോൾ ആധുനിക കോച്ചുകളാണ്. ഹൈടെക് ട്രെയിനുകളും എത്തിക്കഴിഞ്ഞു. എന്നാൽ ശുചിത്വത്തിന്റെ കാര്യത്തിൽ ട്രെയിനുകൾ ഏറെക്കുറെ തുടങ്ങിയേടത്തുതന്നെയാണ്. റെയിൽവേയ്ക്ക് ലഭിക്കുന്ന പരാതികളിൽ ഏറെയും ഇതുസംബന്ധിച്ചാണ്. വന്ദേഭാരത് ട്രെയിനുകളിൽ വിതരണം ചെയ്യാനായി സംഭരിച്ചിരുന്ന കിലോക്കണക്കിന് പഴകിയ ഭക്ഷണസാധനങ്ങൾ കൊച്ചിയിലെ ഏജൻസിയിൽ നിന്ന് കഴിഞ്ഞദിവസം പിടിച്ചെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. ട്രെയിൻ ശുചിത്വത്തിൽ നിലവിലെ ശൈലി മാറണമെന്ന് വിളിച്ചുപറയുന്നതായി ആ ഭക്ഷണസാധനങ്ങളുടെ അറപ്പിക്കുന്ന കാഴ്ച.
ദുർഗന്ധം കൊണ്ട് പരിസരവാസികൾ പോലും നട്ടം തിരിയുന്നു അവസ്ഥ. ഈ സാഹചര്യത്തിലാണ് കൊച്ചി കടവന്ത്ര ഫാത്തിമ റോഡിലെ കാറ്ററിംഗ് സ്ഥാപനത്തിനെതിരേ നാട്ടുകാർ പരാതി ഉയർത്തിയത്. സ്ഥലം കൗൺസിലർ ചെന്നുനോക്കുമ്പോൾ കണ്ടത് വൃത്തിഹീനമായ സാഹചര്യം. തുടർന്നാണ് ഹെൽത്ത് വിഭാഗം ഇവിടെ പരിശോധന നടത്തിയത്. അഞ്ചുദിവസം പഴക്കമുള്ള 50 കിലോയിലധികം കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകൾ, 300 ചപ്പാത്തി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. മനുഷ്യജീവന് പോലും ഭീഷണിയാകുന്ന സാഹചര്യം. കൂടുതൽ അറിഞ്ഞപ്പോഴാണ് ഞെട്ടിയത്. നാറുന്ന ഭക്ഷണം വന്ദേഭാരത് ട്രെയിനിലെ യാത്രക്കാർക്കുള്ളതായിരുന്നു. ഇന്ത്യ മുഴുവൻ ട്രെയിനുകളിൽ ഭക്ഷണം നൽകുന്ന ബൃന്ദാവൻ ക്ലസ്റ്റർ കിച്ചൺ ശൃംഖലയുടെ കൊച്ചി ശാഖയാണ് വൃത്തിഹീനമായി പ്രവർത്തിച്ചിരുന്നത്. മാതൃസ്ഥാപനത്തിന് 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ടത്രേ! എന്നാൽ കൊച്ചിയിലെ കേന്ദ്രത്തിന് ലൈസൻസ് പോലുമുണ്ടായിരുന്നില്ല. വന്ദേഭാരത്, രാജധാനി തുടങ്ങിയ ട്രെയിനുകളിൽ ടിക്കറ്റിനൊപ്പം 'കത്തി' നിരക്കിൽ ഭക്ഷണവിലയും ഈടാക്കുന്നുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ യാത്രക്കാരോട് ചെയ്യുന്നത് കൊടുംക്രൂരത തന്നെയാണെന്ന് പറയേണ്ടിവരും.
ആവർത്തിക്കുന്ന കുറ്റകൃത്യം
ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സിനെതിരെ മുൻപും ഒട്ടേറെ പരാതികൾ റെയിൽവേക്കു ലഭിച്ചിട്ടുണ്ട്. 2024 നവംബറിൽ തിരുനെൽവേലി–ചെന്നൈ വന്ദേഭാരതിൽ സാമ്പാറിൽ പ്രാണിയെ കണ്ടെത്തിയതിന് 50,000 രൂപ സ്ഥാപനത്തിന് പിഴയിട്ടിരുന്നു. കൊച്ചിയിൽ പഴകിയ ഭക്ഷണം പിടിച്ചടുത്തത് വലിയ രോഷത്തിനിടയാക്കി. റെയിൽവേ വികസനം സംബന്ധിച്ച എം.പിമാരുടെ യോഗത്തിലും പ്രതിഷേധമുയർന്നു. കരാറുകാരനെ ബ്ളാക്ക് ലിസ്റ്റ് ചെയ്യണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. കടുത്ത ശിക്ഷാനടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മോശം ഭക്ഷണം നൽകിയ കരാറുകാരന് ഒരുലക്ഷം രൂപ പിഴ ചുമത്തിയതാണ് ഇതുവരെ റെയിൽവേ സ്വീകരിച്ച നടപടി.
കരാർ റദ്ദാക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഒടുവിലെ വിവരം. ട്രെയിനുകളിലെ മോശം ഭക്ഷണം ഒറ്റപ്പെട്ട സംഭവമല്ല. നിരന്തരം ഉയരുന്ന പരാതിയാണ്. ജനശതാബ്ദിയിൽ ടോയ്ലറ്റ് വെള്ളത്തിൽ ചായ തിളപ്പിക്കുന്നതും പാഴ്സൽ ഭക്ഷണത്തിൽ പല്ലിയും പാറ്റയും ഇഴയുന്നതും നമ്മൾ കണ്ടതാണ്.
ജനറൽ കോച്ചുകൾ
നരകതുല്യം
ട്രെയിൻ ശുചിത്വത്തിൽ മറ്റു ഘടകങ്ങളുമുണ്ട്. മിക്ക കോച്ചുകളും വൃത്തിഹീനമാണ്. രാപ്പകൽ ഓടുന്ന ട്രെയിനുകളുടെ ബയോ ടോയ്ലറ്റുകൾ നിറഞ്ഞുമെത്തിയിരിക്കും. സാധാരണക്കാർ ആശ്രയിക്കുന്ന ജനറൽ കോച്ചുകൾ രോഗാതുരമാണ്. ബീഡിത്തുണ്ടും പുകയിലയും കപ്പലണ്ടിത്തൊലിയുമെല്ലാം പാറിനടക്കും. തുപ്പലും മുറുക്കിത്തുപ്പലുമുണ്ടാകും. എലിയും പാറ്റയും മൂട്ടയും ശല്യംചെയ്യും. ഇടക്കാലത്ത് പല ട്രെയിനുകളിലും ശുചീകരണത്തിന് കരാർ തൊഴിലാളികളുണ്ടായിരുന്നു. ഇവർ ചൂലുമായി ഇടയ്ക്കിടെ നടക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇവരെ കാണുന്നില്ല. ട്രെയിൻ ഓടിയെത്തുന്നത് വരെ മാലിന്യങ്ങൾ അവിടെത്തന്നെ കിടക്കും. അവശിഷ്ടങ്ങൾ കുറഞ്ഞപക്ഷം വണ്ടിക്ക് പുറത്തേയ്ക്കിടാൻ പോലും തയാറാകാത്ത യാത്രക്കാരുമുണ്ട്. എല്ലാം ഇരിയ്ക്കുന്നിടത്തുതന്നെ തള്ളും.
റെയിൽവേ സ്റ്റേഷനുകളും വൃത്തിഹീനമായി തുടരുകയാണ്. ബയോ ടോയ്ലറ്റുകൾ വന്നതോടെ ട്രാക്കിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നത്അവസാനിച്ചിട്ടുണ്ട്. എന്നാൽ ടോയ്‌ലറ്റുകൾ കരാറുകാരെ വച്ച് പരിപാലിക്കുന്നത് പ്രധാന സ്റ്റേഷനുകളിൽ മാത്രമാണ്. നായ് ശല്യമാണ് റെയിൽവേ സ്റ്രേഷനുകളിലെ മറ്റൊരുപ്രശ്നം. പ്ലാറ്റ്ഫോമുകളിൽ ഉണ്ടുറങ്ങുന്ന നായ്ക്കൂട്ടം മിക്ക സ്റ്രേഷനുകളിലുമുണ്ട്. ഏറ്റവും പ്രബലമായ സംഘടനകളുള്ള സംവിധാനമാണ് റെയിവേ. തൊഴിലാളി യൂണിയനുകളും ജീവനക്കാരുടെ സംഘടനകളും ശക്തം. നിരന്തരം അവകാശസമരങ്ങളും നടക്കുന്നുണ്ട്. എന്നാൽ എല്ലാ സമരങ്ങളും പ്രതിഷേധങ്ങളും സേവനവേതന വ്യവ്യസ്ഥകൾ മുൻനിർത്തിയാണെന്നതാണ് വാസ്തവം. സംഘടനകൾ അധികാരികളോട് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം കണികാണാൻ പോലുമുണ്ടാകാറില്ല. റെയിൽവേയെ നിലനിറുത്തുന്ന യാത്രക്കാരെ അവഗണിച്ചാണ് സംഘടനകളുടേയും പോക്ക്.
കൂട്ടുത്തരവാദം വേണം
ട്രെയിനുകളിൽ യാത്രക്കാർ കള്ളവണ്ടി കയറുന്ന പഴയസ്ഥിതി മാറി. മിക്കവരും ടിക്കറ്റ് എടുത്തുതന്നെയാണ് യാത്രചെയ്യുന്നത്. ഉയർന്ന ക്ലാസുകളിലെ ടിക്കറ്റ് നിരക്കുകൾ മുതലാകുന്ന നിലയിലേക്ക് റെയിൽവേ ഉയർത്തിയിട്ടുണ്ട്. പ്രീമിയം ട്രെയിനുകളിൽ വിമാനനിരക്കിന് സമാനമായ തുക വരെ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ട്രെയിൻ ശുചിത്വവും ഭക്ഷ്യസുരക്ഷയും പാലിക്കേണ്ടത് അനിവാര്യമാണ്.
ഇതിന് സർക്കാരുകളും റെയിൽവേ അധികൃതരും സംഘടനകളും യാത്രക്കാരും അനുബന്ധ സേവനദാതാക്കളുമെല്ലാം കൂട്ടുത്തരവാദത്തോടെ പ്രവർത്തിക്കണം. റെയിൽവേയ്ക്ക് പ്രത്യേക നിയമമുണ്ട്. ഭക്ഷ്യസുരക്ഷയ്ക്കും നിയമമുണ്ട്. ഇത് കർശനമാക്കി, ട്രെയിൻ ശുചിത്വം അവകാശമാക്കാൻ നടപടിയുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |