ചെങ്ങന്നൂർ: മനുഷ്യർ മാത്രമല്ല പ്രകൃതിയിലെ സർവചരാചരങ്ങളും സഹജീവികളാണെന്നും ഓണം അവർക്കുകൂടി ആഘോഷിക്കാനുളളതാണെന്നുമുളള സന്ദേശം പകർന്നു നൽകി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ഓണാഘോഷം നടത്തി. കോളേജിലെ സൂവോളജി ഡിപ്പാർട്ട്മെന്റിന്റെയും, ഭൂമിത്രസേന ക്ലബ്, ബേർഡ്‌സ് ക്ലബ്, ജൈവവൈവിദ്ധ്യക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. കിളികൾക്കും, ഉറുമ്പുകൾക്കും, പല്ലികൾക്കും, മീനുകൾക്കും,തുമ്പികൾക്കും,എല്ലാം ആഹാരം നൽകിയ ശേഷമാണ് വിദ്യാർത്ഥികൾ ഓണസദ്യ ആസ്വദിച്ചത്. പ്രിൻസിപ്പൽ ഡോ.ജോൺസൺ ബേബി ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. കാക്കകൾക്ക് ചോറുവിതറി നൽകിയ ശേഷം നാട്ടുമൈനകൾക്ക് ക്യാമ്പസിന്റെ പടിഞ്ഞാറു ഭാഗത്ത് എള്ളു വിതറി. പച്ചരി ശർക്കരയിൽ കുഴച്ച് ചെറിയ ഇലകളിലാക്കി ക്യാമ്പസിന്റെ പല ഭാഗത്തും വെച്ചാണ് ഉറുമ്പോണം ആഘോഷിച്ചത്. തുമ്പികൾക്കായി ശർക്കരയുടെ പാനി ഇലകളിൽ ക്രമീകരിച്ചു. അരിമാവിൽ കൈപ്പത്തി മുക്കിയ ശേഷം അത് വാതിലുകളുടെയും ജനലുകളുടെയും പുറത്ത് പതിച്ചാണ് പല്ലികൾക്ക് ഓണസദ്യ ഒരുക്കിയത്. ക്യാമ്പസിന്റെ സമീപത്തുകൂടി ഒഴുകുന്ന അരുവികളിലെ മീനുകൾക്കായി പൊടിയരി വിതറി നൽകി. ഇതിന് ശേഷം വിദ്യാർത്ഥികൾ ഓരോരുത്തരും വീട്ടിൽ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന വിഭവങ്ങളാണ് ഓണസദ്യക്കായി ഒരുക്കിയത്. സ്‌നേഹത്തിന്റെയും കരുതലിന്റെയും പൂക്കളങ്ങൾ ഹൃദയങ്ങളിൽ ഇട്ട ഈ ചടങ്ങിന് സൂവോളജി വിഭാഗം അദ്ധ്യാപകൻ ഡോ.ആർ.അഭിലാഷ് നേതൃത്വം നൽകി. അദ്ധ്യാപകരായ ഡോ.ആനീസ് ജോസഫ്, ബിജി ഏബ്രഹാം,ഡോ.വിജയകുമാർ വിദ്യാർത്ഥികളായ അനന്ദു,അർച്ചന,അഞ്ജന,ബിൻസി, ദീപ്തി,കാവ്യ, റോസ്‌നി ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |