പൂനെ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിവാഹം. സംസ്‌കൃതി കവാഡെ പാട്ടീലും നരേന്ദ്ര ഗാലാണ്ടെ പാട്ടീലും തമ്മിലുള്ള വിവാഹ മുഹൂർത്തം വൈകിട്ട് 6.56ന്.
അപ്രതീക്ഷിതമായി പെരുമഴ. വിവാഹം നടക്കേണ്ടിയിരുന്ന പന്തലും സ്ഥലവുമെല്ലാം വെള്ളത്തിൽ. വിവാഹം മുടങ്ങുമെന്ന അവസ്ഥയിൽ ചടങ്ങ് നടത്താൻ ഇടമൊരുക്കി മുസ്ലിം കുടുംബം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സ്നേഹവും ഐക്യവും വിളിച്ചോതുന്ന സംഭവം. മതത്തിന്റേയും ജാതിയുടേയും പേരിൽ അകൽച്ച കാട്ടുന്നവർക്കിടയിൽ ഉദാത്ത മാതൃകയാവുകയാണ് ഇരു കുടുംബവും. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഏറെ പ്ലാൻ ചെയ്താണ് പൂനെ സ്വദേശികളായ സംസ്‌കൃതിയുടെയും നരേന്ദ്രയുടെയും വിവാഹം ഡെസ്റ്റിനേഷൻ വെഡ്ഡിംഗായി പ്ലാൻ ചെയ്തത്. ചടങ്ങുകൾ പുരോഗമിക്കവേ അപ്രതീക്ഷിതമായി കനത്ത മഴ. നനായാതെ നിൽക്കാൻ പോലും സ്ഥലമില്ലാതായി. അതിഥികളടക്കം പരക്കം പാഞ്ഞു. മുഹൂർത്ത സമയം കഴിയാനും ഇരുട്ടാവാനും തുടങ്ങി. വധൂവരന്മാർ നിരാശയിലായി.
ഇതിനിടെയിലാണ് ബന്ധുക്കൾ തൊട്ടടുത്ത് ഒരു ഓഡിറ്റോറിയം ഉണ്ടെന്നറിഞ്ഞത്. അവിടെ ഒരു മുസ്ലിം കുടുംബത്തിന്റെ വാലിമ (വിവാഹ സത്കാരം)
നടക്കുന്നു. ബന്ധുക്കൾ അവസ്ഥ അറിയിച്ചതോടെ ഇരുകൈയും നീട്ടി കുടുംബം സ്വീകരിച്ചു. അവരുടെ ചടങ്ങ് വേഗത്തിലാക്കി മണ്ഡപം ഒരു മണിക്കൂറോളം വിട്ടുനൽകി. പരമ്പരാഗത ആചാരങ്ങൾ നടത്തി നരേന്ദ്രയും സംസ്‌കൃതിയും വിവാഹിതരായി. സാക്ഷികളായി ഇരുവിഭാഗങ്ങളിലേയും ബന്ധുക്കൾ. എല്ലാ സൗകര്യവും അവർ ഒരുക്കിത്തന്നുവെന്ന് നരേന്ദ്രയുടെ ബന്ധു അറിയിച്ചു. പിന്നീട് ഇരു കൂട്ടരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നവദമ്പതിമാരായ മാഹീനും മൊഹ്സിൻ കാസിയും നരേന്ദ്രക്കും സംകൃതിക്കുമൊപ്പം ഫോട്ടോയ്ക്ക് വേദി പങ്കിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |