കോടതിയിലെത്തുന്ന പോക്‌സോ കേസുകളിൽ നല്ലൊരു ശതമാനം വ്യാജ പരാതികളാണെന്ന് ഇതുസംബന്ധിച്ച് നടന്ന ചില പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശക്‌തമായ വകുപ്പുകളാണ് പോക്സോ കേസിൽ ഉൾപ്പെടുന്നവർക്കെതിരെ ചുമത്തുന്നത്. ജാമ്യം ലഭിക്കാനും സാദ്ധ്യത വളരെ കുറവാണ്. കേസ് തെളിയിക്കപ്പെട്ടാൽ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവരും. ദമ്പതികൾ തമ്മിലുള്ള വഴക്കിന്റെ പേരിൽ കുഞ്ഞുങ്ങളെ കരുവാക്കിയുള്ള പോക്സോ കേസുകൾ നൽകിയതിന് നിരവധി ഉദാഹരണങ്ങൾ നിലനിൽക്കുന്നുണ്ട്. വ്യാജ പരാതിയാണെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് കോടതികൾ പരാതി നൽകിയവരെ ശാസിച്ചിട്ടുമുണ്ട്. പോക്‌സോ കേസുകളിൽ പ്രാഥമിക പരിശോധന നടത്തി ഉറപ്പാക്കിയതിന് ശേഷമേ കേസെടുക്കാവൂ എന്ന് ഹൈക്കോടതി തന്നെ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന നികൃഷ്ടമായ സംഭവങ്ങൾ തടയാൻ പോക്സോ കേസുകളിലെ ശക്തമായ വകുപ്പുകൾ ആവശ്യവുമാണ്.
പോക്‌സോ കേസിൽ കുറ്റം ഒഴിവാക്കിയില്ലെങ്കിലും ശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള ഒരു അസാധാരണ വിധിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായത്. അതിജീവിതയെ വിവാഹം കഴിച്ച ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പാക്കുന്നതാണ് സുപ്രീംകോടതി ഒഴിവാക്കിയത്. പശ്ചിമബംഗാളിൽ നിന്നുള്ള ഒരു പോക്‌സോ കേസിലാണിത്. പ്രതിയുടേത് കുറ്റകൃത്യം ആണെങ്കിലും അതിജീവിത അതിനെ ഇപ്പോൾ അങ്ങനെ കാണുന്നില്ല എന്നത് കണക്കിലെടുത്താണ് നിയമത്തിനപ്പുറം മനുഷ്യത്വത്തിന് പ്രാധാന്യം നൽകിയ ഈ വിധി ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൽ നിന്നുണ്ടായത്. ജസ്റ്റിസ് ഓക വിരമിക്കുന്ന ദിവസമാണ് ഈ വിധി പ്രഖ്യാപിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
ഈ കേസിൽ വിചാരണ കോടതി യുവാവിനെ ഇരുപത് വർഷത്തെ തടവ് ശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇതിനിടയിൽ അതിജീവിതയ്ക്ക് പ്രായപൂർത്തിയായപ്പോൾ ശിക്ഷിക്കപ്പെട്ട യുവാവ് ആ യുവതിയെ വിവാഹം കഴിച്ചു. ഇതിനിടെ കൊൽക്കത്ത ഹൈക്കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കി. കൗമാരപ്രായക്കാരായ പെൺകുട്ടികൾ തങ്ങളുടെ ലൈംഗിക തൃഷ്‌ണ നിയന്ത്രിക്കണമെന്ന വിവാദ പരാമർശവും ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഉണ്ടായിരുന്നു. തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ വിധിയും പരാമർശങ്ങളും റദ്ദാക്കുകയും പ്രതി കുറ്റക്കാരനാണെന്ന വിധി പുനഃസ്ഥാപിക്കുകയും അതോടൊപ്പം ശിക്ഷ റദ്ദാക്കിയത് ശരിവയ്‌ക്കുകയും ചെയ്തത്. എന്നാൽ ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് അതിജീവിതയുടെ ഭാഗം കേൾക്കുന്നതിന് ഒരു വസ്തുതാ പരിശോധനാ സംഘത്തെ നിയോഗിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പശ്ചിമബംഗാൾ സർക്കാർ നിയോഗിച്ച സമിതി, അതിജീവിതയുടെ നിലപാട് കേട്ടിരുന്നു. വർഷങ്ങളായി കേസ് വിവിധ കോടതികളിൽ നടന്നിരുന്നെങ്കിലും ആദ്യമായാണ് അതിജീവിതയുടെ നിലപാട് ആരാഞ്ഞത്. നമ്മുടെ കോടതി വ്യവഹാരങ്ങളുടെ ന്യൂനതയിലേക്ക് കൂടി വിരൽചൂണ്ടുന്നതാണ് ഈ വസ്തുത. സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കണ്ട എന്ന് സുപ്രീംകോടതി വിധിച്ചത്.
നീണ്ടുനിന്ന നിയമ നടപടികളാണ് കുറ്റകൃത്യത്തേക്കാൾ അതിജീവിതയെ ബാധിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സമൂഹം അവളെ വിധി എഴുതി. നിയമ വ്യവസ്ഥ പരാജയപ്പെടുത്തി. മാതാപിതാക്കൾ ഉപേക്ഷിച്ച് പോയി. പ്രതിയോട് ഇപ്പോൾ അതിജീവിതയ്ക്ക് വൈകാരിക ബന്ധമാണുള്ളതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിലവിൽ പോക്‌സോ കേസിൽ പ്രതിയായിരുന്ന യുവാവും അതിജീവിതയും കുഞ്ഞും ഒരുമിച്ചാണ് കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |