തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിച്ചെന്ന് പറഞ്ഞ് ചക്കപ്പഴം കഴിച്ചവരെയും അരിഷ്ടം കുടിച്ചവരെയും ബ്രെത്തലൈസർ കുടുക്കുന്നതിന് പരിഹാരമാകുന്നു. വാഹനപരിശോധനയിൽ ബ്രെത്തലൈസർ ഉപയോഗിക്കുന്നതിന് മുൻപ് എയർ ബ്ലാങ്ക് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശി ശരൺകുമാർ എസിനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവ് പുറപ്പെടുവിച്ചത്.
മദ്യപിച്ച് വാഹനമോടിച്ചെന്ന സംശയത്തെ തുടർന്ന് അറസ്റ്റ് ചെയ്ത ശരണിനെ ബ്രെത്തലൈസർ പരിശോധനയ്ക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ ഹർജിക്കാരന്റെ ശ്വസന സാമ്പിൾ എടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ബ്ലാങ്ക് ടെസ്റ്റിൽ റീഡിംഗ് 412 mg/100 ml ആയിരുന്നു കാണിച്ചത്. മറ്റ് വൈദ്യപരിശോധനകളൊന്നും നടത്താത്തതിനാൽ മദ്യത്തിലെ അളവ് കണ്ടെത്താനും കഴിഞ്ഞില്ല . ഈ സാഹചര്യത്തിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കൽ പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പരിശോധന നടത്തുമ്പോൾ ഉപകരണത്തിൽ ' 0.000' റീഡീംഗ് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനാവശ്യമായ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും ഡി,ജി.പിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മുൻപരിശോധനകിൽ നിന്നുള്ള ആൽക്കഹോളിന്റെ അംശം ബ്രെത്തലൈസറിൽ കലർന്നിട്ടില്ലെന്ന് ഉറപ്പാാക്കുകയാണ് ബ്ലാങ്ക് ടെസ്റ്റിന്റെ പ്രാഥമിക ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. ബ്ലാങ്ക് ടെസ്റ്റ് റീഡിംഗ് 0.000 എന്നതിനെ ആശ്രയിച്ചാണ് ബ്രെത്തലൈസർ പരിശോധനയുടെ ആധികാരികത വിലയിരുത്തുന്നതെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |