ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരമാർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട്.
ജാർഖണ്ഡിലെ ചൈബാസ എംപി-എം.എൽ.എ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജൂൺ 26 ന് കോടതിയിൽ നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ അപേക്ഷ കോടതി തള്ളി. 2018 ലെ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനിടെ അന്ന് ബി.ജെ.പി പ്രസിഡന്റായിരുന്ന അമിത് ഷായ്‌ക്കെതിരെ നടത്തിയ വിവാദ പ്രസ‌്താവനയാണ് കേസിന് ആധാരം. കൊലപാതകക്കുറ്റം നേരിടുന്ന ആളായാലും ബി.ജെ.പിയുടെ പ്രസിഡന്റാകാമെന്നാണ് രാഹുൽ പറഞ്ഞത്. ഇതിലൂടെ രാഹുൽ തങ്ങളുടെ പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് പ്രതാപ് കത്യാർ മാനഷ്‌ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു.
2018 ജൂലായ് 9 ന് ചൈബാസ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) കോടതിയിൽ ഫയൽ ചെയ്‌ത കേസ് ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന്, 2020 ഫെബ്രുവരിയിൽ റാഞ്ചിയിലെ എം.പി-എം.എൽ.എ കോടതിയിലേക്ക് മാറ്റി. അവിടെ നിന്ന് ചൈബാസ എം.പി-എം.എ.ൽ.എ കോടതിയിലേക്കും. കേസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് നേരത്തെയും പുറപ്പെടുവിച്ചിരുന്നു. തുടക്കത്തിൽ ജാമ്യം ലഭിക്കാവുന്ന വാറണ്ടായിരുന്നെങ്കിലും കോടതി ആവർത്തിച്ച് സമൻസ് അയച്ചിട്ടും രാഹുൽ ഹാജരായില്ല. വാറണ്ട് സ്റ്റേ ചെയ്യാൻ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |