പത്തനംതിട്ട: പതിനേഴുകാരിയെ പെട്രോളൊഴിച്ച് തീവച്ചുകൊന്ന കേസിൽ ആൺസുഹൃത്ത് കടമ്മനിട്ട നാരങ്ങാനം കല്ലേലിമുക്ക് തെക്കുംപറമ്പിൽ സജിലിന് (31) ജീവപര്യന്തവും 8 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.പി. ജയകൃഷ്ണന്റേതാണ് ശിക്ഷാ വിധി. പിഴ തുക പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം.
കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴ,പെട്രോളൊഴിച്ച് അഭായപ്പെടുത്തിയതിന് 326(ബി) പ്രകാരം 7 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴ,ബാലനീതി നിയമത്തിലെ വകുപ്പ് 75 അനുസരിച്ച് ഒരു വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 3 മാസവും അധിക തടവ് അനുഭവിക്കണം.
2017 ജൂലായ് 14ന് വൈകിട്ട് 6.30നാണ് കുറിയിച്ചിട്ട കോളനിയിൽ ശശിയുടെ മകൾ ശാരികയെ ബന്ധുവീടിന് സമീപത്ത് വച്ച് പ്രതി പെട്രോളൊഴിച്ച് തീവച്ചു കൊലപ്പെടുത്തിയത്. ആറൻമുള എസ്.ഐ കെ.അജിത് കുമാറാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഹരിശങ്കർ പ്രസാദ് ഹാജരായി. സജിലിനെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റി.
നിർണായകമായി
മരണമൊഴി
ശാരികയുടെ മരണമൊഴിയും സജിലിന്റെ ദേഹത്തുണ്ടായ പൊള്ളലുകളും കേസിന്റെ വിചാരണയിൽ പ്രധാന തെളിവായി. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന സാക്ഷികളുടെ മൊഴികളും നിർണായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |