ഒരു ഹെക്ടറിന് 8,500 രൂപ
എരുമ, പശു എന്നിവ നഷ്ടമായാൽ ഒരു മൃഗത്തിന് 7,500 - 1,12,500 രൂപവരെ
ആട്, പന്നി എന്നിവ നഷ്ടമായാൽ 4000- 1,20,000 രൂപവരെ
കോഴി, താറാവ് എന്നിവയ്ക്ക് ഒന്നിന്-100 രൂപ
കുടിലുകൾ നഷ്ടമായാൽ 8000 രൂപ
കാലിത്തൊഴുത്ത് നഷ്ടമായാൽ 3000- ഒരുലക്ഷം വരെ
പാലക്കാട്: സംസ്ഥാനത്ത് മഴയെ ആശ്രയിച്ചുള്ള കാർഷികവിളകളോ തോട്ടവിളകളോ വന്യജീവി ആക്രമണത്തിൽ നശിച്ചാൽ ഒരു ഹെക്ടറിന് 8,500 രൂപ നിരക്കിൽ പരമാവധി ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. കൃഷിവകുപ്പ് നഷ്ടം കണക്കാക്കി ദുരന്തപ്രതികരണ നിധിയിൽ നിന്നും വനം വകുപ്പിൽ നിന്നുമാണ് തുക അനുവദിക്കുക. ജലസേചനത്തെ ആശ്രയിച്ചുള്ള കൃഷിക്കും പരമാവധി ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ജില്ലയിൽ കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ, അയിലൂർ, പോത്തുണ്ടി, വടക്കഞ്ചേരി, കഞ്ചിക്കോട്, മരുതറോഡ്, മലമ്പുഴ, മുണ്ടൂർ, മണ്ണാർക്കാട്, അലനല്ലൂർ തുടങ്ങിയ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമാണ്. വന്യജീവി ആക്രമണം പേടിച്ച് പലരും കൃഷി തന്നെ ഉപേക്ഷിക്കുന്ന സാഹചര്യമാണ്.
വന്യമൃഗ ആക്രമണത്തിൽ പാലുത്പാദനമുള്ള എരുമ, പശു എന്നിവ നഷ്ടമായാൽ മൃഗസംരക്ഷണവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 37,500 മുതൽ 1,12,500 രൂപവരെയാണ് ഒരു മൃഗത്തിന് അനുവദിക്കുക. ആട്, പന്നി എന്നിവ നഷ്ടമായാൽ ഇത് 4000 രൂപ മുതൽ 1,20,000 വരെയാകും സഹായം. കോഴി, താറാവ് എന്നിവയ്ക്ക് ഒന്നിന് നൂറു രൂപ. കുടിലുകൾ നഷ്ടമായാൽ 8000 രൂപയും കാലിത്തൊഴുത്ത് നഷ്ടമായാൽ 3000 മുതൽ ഒരുലക്ഷം വരെയുമാകും സഹായം.
ക്ഷുദ്രജീവികളായി വിജ്ഞാപനം ചെയ്ത വന്യജീവികളെ കൊന്ന് കുഴിച്ചുമൂടുന്നതിന് ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന് ഒരു സാമ്പത്തികവർഷം പരമാവധി ഒരുലക്ഷം രൂപ അനുവദിക്കും. മനുഷ്യവന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഏർപ്പെടുമ്പോൾ വന്യജീവികളുടെ ആക്രമണത്തിന് ഇരയായി ജീവൻ നഷ്ടമാകുന്നവർക്കും ധനസഹായത്തിന് അർഹതയുണ്ട്.
ആശ്രിതർക്കുള്ള സഹായധനം വർദ്ധിപ്പിച്ചില്ല
പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം രണ്ടുലക്ഷത്തിൽ നിന്ന് നാലുലക്ഷമാക്കി. വനത്തിനുള്ളിലോ പുറത്തോ എന്നത് പരിഗണിക്കാതെയാണ് സഹായധനം നൽകുക. ദുരന്തപ്രതികരണ നിധിയിൽനിന്ന് പണം അനുവദിക്കും. അതേസമയം, വന്യജീവി ആക്രമണംമൂലം ജീവൻ നഷ്ടമാകുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. നേരത്തേ നൽകിയിരുന്ന 10 ലക്ഷം തുടരും. അതിൽ നാലുലക്ഷം ദുരന്തപ്രതികരണനിധിയിൽ നിന്നും ആറുലക്ഷം വനംവകുപ്പിൽ നിന്നുമാകും. വന്യജീവി സംഘർഷംമൂലം മരിച്ചവരുടെ അന്ത്യകർമ്മങ്ങൾക്കായി 10,000 രൂപ എക്സ്‌ഗ്രേഷ്യ ദുരന്തപ്രതികരണനിധിയിൽ നിന്ന് അനുവദിക്കും. പരിക്കേറ്റവർക്കുള്ള ചികിത്സ, നഷ്ടപ്പെടുന്ന ഗൃഹോപകരണങ്ങൾക്കുള്ള നഷ്ടപരിഹാരം, കാർഷികവിളകൾ, വളർത്തുമൃഗങ്ങൾ എന്നിവയും സഹായധന പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരന്തസാദ്ധ്യതയുള്ളവരെ ഒഴിപ്പിക്കൽ എന്നിവയുടെ യഥാർത്ഥ ചെലവ് ദുരന്തപ്രതികരണനിധിയിൽ നിന്ന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |