വയനാട്: സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തിപ്രാപിച്ചു. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. വയനാട് ജില്ലയുടെ പലഭാഗങ്ങളിലും ഇന്നലെ രാത്രി മുതൽ കനത്ത മഴ ആരംഭിച്ചു. കല്ലൂർ പുഴ കരകവിഞ്ഞൊഴുകി. കനത്ത കാറ്റും മഴയുമുണ്ടായതോടെ മരങ്ങളൊടിഞ്ഞുവീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. പുഴ കരകവിഞ്ഞതോടെ കല്ലൂർ പുഴങ്കുനി ആദിവാസി ഊരിലെ ജനങ്ങളെ ഒഴിപ്പിച്ചു. കല്ലൂർ സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയത്. പനമരത്ത് പാടങ്ങളിൽ വെള്ളംകയറി.
ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും കനത്ത മഴതന്നെയാണ് പെയ്യുന്നത്. ജൂൺ ഒന്നുവരെ തൽസ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴ തുടരുന്നതിനാൽ കണ്ണൂർ സർവകലാശാല തിങ്കളാഴ്‌ച നടത്താൻ നിശ്ചയിച്ച പരീക്ഷകളെല്ലാം മാറ്റിവച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും.
റെഡ് അലർട്ട് പ്രഖ്യാപിച്ച 11 ജില്ലകളിൽ 10 ഇടങ്ങളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതിക സർവകലാശാലയും ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |