വയനാട്: തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസും. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് പോക്‌സോ കേസ് ചുമത്തിയത്. എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയെ (34) കൊലപ്പെടുത്തിയ കേസിൽ പ്രതി കപിലാക്കാവ് തറയിൽ ദിലീഷിനെ (37) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രവീണയുടെ ഒൻപത് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. ദിലീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഇന്ന് കൽപറ്റ പോക്‌സോ കോടതിയിൽ ഹാജരാക്കും.
അമ്മാവനായ കേളു നോക്കി നടത്തുന്ന കണ്ണൂർ സ്വദേശിയുടെ തോട്ടത്തിലുള്ള വീട്ടിലാണ് പ്രവീണയും മക്കളും താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നുകഴിയുന്ന പ്രവീണ സുഹൃത്തായ ദിലീഷുമായി പരിചയത്തിലായിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. പ്രവീണയുടെ മൂത്ത മകൾ അനർഘയ്ക്ക് (14) കഴുത്തിനും ചെവിക്കും പരിക്കേറ്റു. കുട്ടിയെ വയനാട് ഗവ. മെഡിക്കൽ കോളജിലേക്കും ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.
കൊലപാതകം നടത്തിയ വീട്ടിൽനിന്നു ഏകദേശം മുന്നൂറു മീറ്റർ മാറിയുള്ള കാപ്പിതോട്ടത്തിലെ ആളൊഴിഞ്ഞ വീടിനു സമീപത്ത് നിന്നാണ് ദിലീഷിനെ പിടികൂടിയത്. ദിലീഷിനൊപ്പം പ്രവീണയുടെ കാണാതായ മകളെയും കണ്ടെത്തിയിരുന്നു. ഓടു മേഞ്ഞ വീടിനോടു ചേർന്നു നിർമിച്ച മുറിയുടെ ടെറസിൽ കത്തിയുമായി നിൽക്കുകയായിരുന്ന ദിലീഷിനെ വനപാലകരുടെ സഹായത്തോടെയാണ് പിടികൂടിയത്. കുട്ടിയെ തിരുനെല്ലി പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |