സേലം: ചില്ലി ചിക്കനും ചിക്കൻ ഫ്രൈയും ചിക്കൻ ബിരിയാണിയുമൊക്കെ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ചിക്കൻ ആണെന്ന് കരുതി കഴിക്കുന്നത് ചിലപ്പോൾ നിങ്ങൾക്ക് ഏറ്റവും അറപ്പ് തോന്നുന്ന ഒരു ജീവിയെയായിരിക്കാം. അത്തരമൊരു സംഭവമാണ് തമിഴ്നാട്ടിലെ സേലം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിക്കൻ എന്ന വ്യാജേന വവ്വാലിന്റെ ഇറച്ചിവിൽക്കുകയാണ് ചെയ്തത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെ രാജ്യത്തെ ഭക്ഷ്യസുരക്ഷയെപ്പറ്റി ആശങ്കയുയരുകയാണ്.
ജൂലായ് ഇരുപത്തിയഞ്ചിന് രാത്രി തോപ്പൂർ രാമസാമി വനമേഖലയിൽ വെടിവയ്പ്പ് നടന്നതായി വനംവകുപ്പിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാകം ചെയ്തുകൊണ്ടിരിക്കുന്ന വവ്വാലിന്റെ ഇറച്ചി പിടികൂടിയത്. ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈ പ്രദേശത്തെ ഫാസ്റ്റ് ഫുഡ് സ്റ്റാളുകളിൽ ചില്ലി ചിക്കനും ബിരിയാണിയുമൊക്കെയുണ്ടാക്കാൻ ഇത് വിൽപന നടത്തിയതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കോഴിയിറച്ചിയാണെന്ന് കരുതി ആളുകൾ വവ്വാലിന്റെ ഇറച്ചി കഴിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. നിപ അടക്കമുള്ള നിരവധി വൈറസുകളുടെ വാഹകരാണ് വവ്വാലുകൾ. നന്നായി വേവിക്കാത്ത മാംസം കഴിക്കുന്നത് ഗുരുതര രോഗങ്ങൾ പടരാൻ കാരണമാകും. ഇന്ത്യയിൽ ആദ്യമായിട്ടല്ല ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. 2020 ൽ രാമേശ്വരത്ത് കാക്കയിറച്ചി വിറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2021 ൽ ബംഗളൂരുവിൽ എലിയുടെയും നായയുടെയും മാംസം വിൽപ്പന നടത്തിയതിന് കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |