മലയാള ഗാനങ്ങളുടെ ലിപ്‌സിങ്ക് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് കിലി പോൾ. ഉണ്ണിയേട്ടൻ എന്ന് മലയാളികൾ വിളിക്കുന്ന കിലി പോൾ ടാർസാനിയയിൽ നിന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.
'ഇന്നസെന്റ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. അൽത്താഫ് സലീമും അനാർക്കലി മരക്കാറും ഒന്നിക്കുന്ന ചിത്രമാണ് 'ഇന്നസെന്റ്'. സതീഷ് തൻവിയാണ് സംവിധായകൻ. സിനിമയിൽ കിലിയും അഭിനയിക്കുന്നുണ്ട്. ലുലുവിൽ വച്ചായിരുന്നു സിനിമയുടെ ടൈറ്റിൽ പ്രകാശനം നടന്നത്. ഇതിനിടയിൽ കിലി പോൾ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ശോഭനയാണ് തന്റെ ഇഷ്ട മലയാള നടിയെന്ന് കിലി പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെയും ഇഷ്ടമാണെന്നും കിലി വ്യക്തമാക്കി. കൂടാതെ 'പുലിവാൽ കല്യാണം' എന്ന ചിത്രത്തിലെ 'ആരുപറഞ്ഞു, ആരു പറഞ്ഞു'എന്ന പാട്ട് പാടി അദ്ദേഹം പ്രേക്ഷകരെ കൈയിലെടുത്തു.
ഏറ്റവും ഒടുവിലായി ഒരാഗ്രഹവും കിലി പോൾ പങ്കുവച്ചു. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാനായാൽ കേരളത്തിൽത്തന്നെ കൂടാനാണ് താത്പര്യമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കിലി പോളിനെ കാണാനായി നിരവധി പേരാണ് ലുലു മാളിൽ തടിച്ചുകൂടിയത്. ഇത്രയും പേരെ താൻ പ്രതീക്ഷിച്ചില്ലെന്നും തന്നെ കാണാനെത്തിയ എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |