അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചുവിന്റെ യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. രേണുവിന്റെയും സുധിയുടെയും മകനായ റിതപ്പനൊപ്പമുള്ള വീഡിയോയായിരുന്നു കിച്ചു തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്. റിതപ്പനെ കാണാനായി വീട്ടിലെത്തിയതായിരുന്നു കിച്ചു. ഈ സമയം രേണു വീട്ടിലുണ്ടായിരുന്നില്ല.
അച്ഛനും അമ്മയ്ക്കും കിട്ടിയ അവാർഡുകൾ റിതപ്പൻ ചേട്ടന് കാണിച്ചുകൊടുക്കുന്നു. അതിൽ സുധിയ്‌ക്ക് കിട്ടിയ അവാർഡുകൾ ചാക്കിലാക്കി കട്ടിലിനടിയിൽ ഇട്ടനിലയിലും രേണുവിന്റേത് മേശപ്പുറത്ത് വച്ചനിലയിലുമായിരുന്നു. വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. രേണുവിനെതിരെ രൂക്ഷവിമർശനം ഉയരുകയും ചെയ്‌തു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി. റിതപ്പൻ സുധിയുടെ പുരസ്കാരങ്ങളെടുത്ത് നശിപ്പിക്കുമോയെന്ന് പേടിച്ചാണ് അത് കട്ടിലിനടിയിൽ ചാക്കിലാക്കി വച്ചതെന്നാണ് രേണുവിന്റെ പ്രതികരണം.
'അവൻ കൊച്ചുകുഞ്ഞാണ്. സുധി ചേട്ടന്റെ അവാർഡൊക്കെയെടുത്ത് കളിക്കും. എനിക്ക് കിട്ടിയ അവാർഡുകൾ എടുത്തുകളിച്ച്, അത് ചീത്തയായാൽ കുഴപ്പമില്ല. പക്ഷേ സുധി ചേട്ടന്റെ അവാർഡുകൾ ഒടിച്ചുകളഞ്ഞാൽ അത് ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല. അതിനാലാണ് അവാർഡുകൾ എടുത്ത് സൂക്ഷിച്ചുവച്ചത്. കുഞ്ഞ് കാണാതെ ചാക്കിൽകെട്ടി കട്ടിലിനടിയിൽ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. വീട്ടിൽ ട്രോഫി വയ്ക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല.
സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വയ്ക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. ചേച്ചിയുടെ മക്കൾ കൂടി വരുമ്പോൾ ഇവർ ഞാൻ അറിയാതെ ഫോൺ അടക്കമെടുത്ത് കളിക്കും. ഒരു ദിവസം ഞാൻ ചെന്നപ്പോൾ സുധിച്ചേട്ടന്റെ ഫോട്ടോയിൽ കുഞ്ഞുങ്ങൾ പൊട്ടൊക്കെ വച്ച് കണ്ണെഴുതിയിരിക്കുന്നു. ഞാൻ ചോദിച്ചപ്പോൾ അച്ഛനെ ഒരുക്കിയതാണെന്നാണ് റിതപ്പൻ പറഞ്ഞത്.'- രേണു സുധി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |