മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർത്ഥിയെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ഇന്നലെ നിലമ്പൂരിൽ ചേർന്ന നേതൃയോഗം ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻപങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞശേഷമാവും അന്തിമ പേരിലേക്ക് എത്തുക. നിലമ്പൂർ മണ്ഡലത്തിൽ തന്നെയുള്ള പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന അഭിപ്രായമുയർന്നിട്ടുണ്ട്.
വി.എസ്. ജോയിയെ തഴഞ്ഞതിലൂടെ യു.ഡി.എഫ് മലയോര ജനതയെ അവഗണിച്ചെന്ന ധാരണ പരത്താൻ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന് വിലയിരുത്തലുണ്ടായി. ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ പി.വി.അൻവർ ഉയർത്തിയ ഈ ആരോപണം മുതലെടുക്കാനാവും. ഇക്കാര്യം പരിഗണിച്ചാൽ ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. തോമസ് മാത്യു, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ് എന്നിവർക്ക് നറുക്ക് വീണേക്കും.
പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് പുറമേ, കേന്ദ്ര കമ്മിറ്റിയംഗങ്ങളും സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുത്ത നേതൃയോഗം നിലമ്പൂരിൽ വിജയ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തി. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായതിലൂടെ കോൺഗ്രസിൽ ഉയർന്ന അതൃപ്തി, പി.വി.അൻവറിന്റെ നിലപാടുകൾ, യു.ഡി.എഫിലെ പ്രശ്നങ്ങൾ എന്നിവ അനുകൂലമാണെന്ന് വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ പത്ത് ബൂത്തുകളെ ഒരു ക്ലസ്റ്ററാക്കി തിരിച്ച് സംസ്ഥാന സമിതിയംഗങ്ങൾക്ക് ചുമതലയേകി. സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പഞ്ചായത്തുകളുടെ ചുമതല നൽകും.
പൊതുസമ്മതനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് യോഗശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അൻവർ അടഞ്ഞ അദ്ധ്യായം: ടി.പി.രാമകൃഷ്ണൻ
അൻവർ അടഞ്ഞ അദ്ധ്യായമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. അൻവർ എൽ.ഡി.എഫിൽ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല. അൻവറിന്റെ നിലപാട് യു.ഡി.എഫിന് അനുകൂലമായിരിക്കും. ഞങ്ങളെ അത് ബാധിക്കില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചത് കൊണ്ട് എന്തെങ്കിലും പ്രത്യേക നില യു.ഡി.എഫിന് ഉണ്ടാകുമെന്ന് കണക്കാക്കുന്നില്ല. നാടിന്റെ പ്രശ്നങ്ങൾ മണ്ഡലത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥാനാർത്ഥിയെ എൽ.ഡി.എഫ് നിശ്ചയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |