മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ആയുധമാക്കി യു.ഡി.എഫ് പ്രവേശനം നേടാൻ പ്രയോഗിച്ച സമ്മർദ്ദ തന്ത്രങ്ങൾ കോൺഗ്രസ് പാടെ അവഗണിച്ചതോടെ, നിൽക്കകള്ളിയില്ലാതായ പി.വി.അൻവർ മുസ്‌ലിം ലീഗിന്റെ സഹായം തേടി. ഇന്നലെ രാവിലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വസതിയിലെത്തിയ അൻവർ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുമായി ഫോണിലും ബന്ധപ്പെട്ടു. മാദ്ധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ പിൻവാതിൽ വഴിയാണ് കുഞ്ഞാലിക്കുട്ടിയെ വീട്ടിലെത്തി കണ്ടത്. പി.എം.എ.സലാമും ഇവിടെയുണ്ടായിരുന്നു.
യു.ഡി.എഫ് പ്രവേശനത്തിലും 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റെന്ന ആവശ്യത്തിലും കോൺഗ്രസിൽ നിന്ന് ഉറപ്പുവാങ്ങി നൽകണമെന്നാണ് ആവശ്യം. കോൺഗ്രസിന് മുന്നിൽ അവതരിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും ലീഗ് നേതൃത്വം മറ്റ് ഉറപ്പുകൾ നൽകിയിട്ടില്ല. ആര്യാടൻ ഷൗക്കത്തിനെ വിമർശിച്ചതിലുള്ള അതൃപ്തി അറിയിച്ചു. വിവാദ പരാമർശങ്ങൾ പാടില്ലെന്ന് നിർദ്ദേശിച്ചു.
അൻവറിനെ ഒപ്പം നിറുത്തണമെന്ന അഭിപ്രായമാണ് ലീഗിനുള്ളതെങ്കിലും പരസ്യപ്രതികരണം എടുത്തുചാട്ടമായെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
ജയപരാജയങ്ങളെ സ്വാധീനിക്കാനുള്ള ശേഷി അൻവറിന് ഇല്ലെന്ന് ലീഗ് കരുതുന്നു. എന്നാൽ, ആരോപണങ്ങളും വിവാദങ്ങളും സി.പി.എം മുതലെടുക്കുമെന്ന് ആശങ്കയുണ്ട്. ഇപ്പോൾ കൂടെ നിൽക്കട്ടെ, മറ്റ് തീരുമാനങ്ങൾ തിരഞ്ഞെടുപ്പിന് ശേഷമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഒഴികെ പ്രധാന കോൺഗ്രസ് നേതാക്കളൊന്നും അൻവറിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. അൻവർ ഒരു അസറ്റല്ലേ..എന്നായിരുന്നു സുധാകരന്റെ പ്രതികരണം. യു.ഡി.എഫിൽ എടുക്കുന്നത് പുതിയ സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, സുധാകരന്റെ ഉറ്റഅനുയായിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ. ജയന്ത് എന്നിവർ അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തി ചർച്ച നടത്തി. സൗഹൃദ സന്ദർശനമെന്നാണ് ഇരുവരും പറഞ്ഞത്.
ഉടൻ തീരുമാനമെന്ന് അൻവർ
യു.ഡി.എഫിൽ എടുക്കാമെന്ന് പറയുന്നതല്ലാതെ എടുക്കുന്നില്ലെന്ന് പി.വി.അൻവർ പറഞ്ഞു. ഘടകകക്ഷിയാക്കണമെന്നതിൽ ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് തീരുമാനം പറയട്ടെ. മത്സരിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല. എല്ലാ കാര്യങ്ങളിലും ഉടൻ തീരുമാനമുണ്ടാകും. കോൺഗ്രസിൽ നിന്ന് ഉത്തരവാദപ്പെട്ട ആരും വിളിച്ചില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയെ കണ്ടശേഷം അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു
തീരുമാനിക്കേണ്ടത് അൻവർ: വി.ഡി. സതീശൻ
തിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പി.വി. അൻവറാണ് തീരുമാനിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. നിലമ്പൂരിൽ കോൺഗ്രസ് നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ വ്യത്യാസം പറഞ്ഞ സാഹചര്യത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായും യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായും സഹകരിക്കുമോയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. സഹകരിച്ചാൽ ഒന്നിച്ചുപോകും. അൻവർ തീരുമാനമെടുത്ത ശേഷം യു.ഡി.എഫ് അഭിപ്രായം പറയും. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യു.ഡി.എഫ് ഏറെ മുന്നിലെത്തിയിട്ടുണ്ട്. പതിനായിരത്തോളം പുതിയ വോട്ടുകളിൽ എണ്ണായിരത്തോളം ചേർത്തത് യു.ഡി.എഫാണ്.
അൻവർ യു.ഡി.എഫിന്റെ ഭാഗമാകും: കെ. സുധാകരൻ
പി.വി. അൻവർ യു.ഡി.എഫിന്റെ ഭാഗമാകുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. അൻവറിന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ട്. അത് തത്കാലം അംഗീകരിക്കാനാവില്ല. യു.ഡി.എഫുമായി അൻവറിന് ഒരു പ്രശ്നവുമില്ല. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ അൻവറിന് നീരസമുണ്ടായി. എന്നാലത് യു.ഡി.എഫുമായുള്ള അൻവറിന്റെ ബന്ധത്തെ പോറലേൽപ്പിക്കില്ല. തിങ്കളാഴ്ച രാത്രി അൻവറുമായി വിശദമായി സംസാരിച്ചിരുന്നു. ആര്യാടൻ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്. ആര്യാടന്റെ ചരിത്രം മലപ്പുറം മണ്ണിനെ ഇളക്കിമറിക്കുന്ന ഒന്നാണ്. ഷൗക്കത്തിന് സ്ഥാനമാനങ്ങൾ നൽകുന്നത് ആര്യാടൻ മുഹമ്മദിന് നൽകുന്നതിന് തുല്യമാണ്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനാർത്ഥി നിർണയമെന്നും കെ. സുധാകരൻ പറഞ്ഞു.
അൻവറിന്റെ ആരോപണം അത്ഭുതപ്പെടുത്തി: ഷൗക്കത്ത്
പി.വി. അൻവറിന്റെ ആരോപണങ്ങൾക്ക് പാർട്ടിയും യു.ഡി.എഫ് നേതൃത്വവും മറുപടി പറയുമെന്ന് ആര്യാടൻ ഷൗക്കത്ത്. വിമർശനങ്ങളും ആരോപണങ്ങളും അദ്ഭുതപ്പെടുത്തി. നിലമ്പൂരിൽ ജനിച്ച് ഇവിടെ ജീവിക്കുന്ന ഒരാളാണ്. ജനങ്ങൾക്ക് എന്നെ അറിയാം. മറ്റ് ആരോപണങ്ങളോട് പ്രതികരിക്കുന്നില്ല. വിവാദങ്ങൾ ഇഷ്ടപ്പെടുന്നയാളല്ല ഞാൻ. നിലമ്പൂരിന്റെ വികസന മുരടിപ്പും വന്യജീവി ശല്യവും ആദിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമൊക്കെയാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടത്. നിലമ്പൂർ തിരിച്ച് പിടിക്കുക എന്നതായിരുന്നു പിതാവിന്റെ അഭിലാഷം.അതിന്റെ സഫലീകരണമാണ് ഈ തിരഞ്ഞെടുപ്പിൽ നടക്കേണ്ടത്.
'അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്യും. കൂടിയാലോചനകൾ നടത്തും. ലീഗ് മദ്ധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ല. എന്നാൽ യു.ഡി.എഫിന് പ്രശ്നങ്ങൾ വരികയാണെങ്കിൽ തങ്ങളുടേതായ രീതിയിൽ ഇടപെടും".
- പി.കെ. കുഞ്ഞാലിക്കുട്ടി,
മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |