കൊച്ചി: സി.എം.ആർ.എൽ- എക്സാലോജിക് സൊല്യൂഷൻസ് മാസപ്പടി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി വാദത്തിനായി ജൂൺ 17ലേക്ക് മാറ്റി. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നവരുടെ പേരുവിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്ന നിർദ്ദേശത്തെ സി.എം.ആർ.എൽ കമ്പനിയടക്കം എതിർത്തു. പട്ടിക ഹാജരാക്കണമെന്ന് നേരത്തേ കോടതിയുടെ അവധിക്കാല ബെഞ്ചാണ് നിർദ്ദേശിച്ചിരുന്നത്. എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ എന്നിവർക്കും അന്ന് നോട്ടീസയച്ചിരുന്നു.
ഇന്നലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്രിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ, രേഖകൾ ആദായനികുതി വകുപ്പിന്റെ കൈവശമാണുള്ളതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കോടതി നിർദ്ദേശിച്ചാൽ റിപ്പോർട്ട് ഹാജരാക്കാമെന്ന് ആദായനികുതി വകുപ്പിന്റെ അഭിഭാഷകനും അറിയിച്ചു.
മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എതിർകക്ഷികൾ സമയം തേടിയതിനെ തുടർന്നാണ് ഹർജി മാറ്റിയത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകനായ എം.ആർ. അജയനാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |