തിരുവനന്തപുരം: കഴിഞ്ഞ 48 മണിക്കൂറിനിടെ പെയ്ത മഴയിൽ 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായും തകർന്നതായി റവന്യു വകുപ്പ് അറിയിച്ചു. ഇതോടെ കാലവർഷം ആരംഭിച്ച് നാലുദിവസത്തിനിടെ തകർന്ന വീടുകളുടെ എണ്ണം ആയിരം കവിഞ്ഞു. വയനാട്, കോഴിക്കോട് ജില്ലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിങ്കളാഴ്ച വരെ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 67കുടുംബങ്ങളിലെ 229 പേരെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിലും കാറ്റിലും നൂറുകണക്കിന് മരങ്ങളാണ് കടപുഴകിയത്. വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ പലപ്രദേശങ്ങളും ഇരുട്ടിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിനിടെ കണ്ണൂരിലെ തലശ്ശേരി, അയ്യൻകുന്ന് ഭാഗങ്ങളിൽ 170 മി.മീറ്റർ മഴ രേഖപ്പെടുത്തി. ഇടുക്കിയിലെ പീരുമേട്, വയനാട് ജില്ലയിലെ വൈത്തിരി എന്നിവിടങ്ങളിൽ 160 മി.മീറ്റർ. വടകര, വെള്ളത്തൂവൽ (ഇടുക്കി), ചെമ്പേരി (കണ്ണൂർ) എന്നിവിടങ്ങളിൽ 150 മി.മീറ്ററും രേഖപ്പെടുത്തി.
പ്രളയ സാദ്ധ്യത
ജലനിരപ്പ് ഉയർന്നതോടെ ഒമ്പത് നദികളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പ്രളയ സാദ്ധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മീനച്ചിൽ,കോരപ്പുഴ, അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ചും, വാമനപുരം, പെരുമ്പ, ഭാരതപ്പുഴ, ഉപ്പള, കബനി നദികളിൽ മഞ്ഞ അലർട്ടുമാണ്.
കെ.എസ്.ഇ.ബിക്ക് 56 കോടിയുടെ നഷ്ടം
തിരുവനന്തപുരം:കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന മഴയിൽ കെ.എസ്.ഇ.ബിക്ക് വൻ നാശനഷ്ടം.വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കാൻ ഇന്നലെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ നിർദ്ദേശിച്ചു. ലഭ്യമായ കണക്കുകൾ പ്രകാരം 1,596 ഹൈടെൻഷൻ പോസ്റ്റുകളും, 10,573 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. വിതരണ മേഖലയിൽ ഏകദേശം 56 കോടി 77 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.ഇലക്ട്രിക്കൽ സർക്കിൾ അടിസ്ഥാനത്തിൽ ആരംഭിച്ച കൺട്രോൾ
റൂമുകൾ കൂടുതൽ സജീവമാക്കാനും, ലഭിക്കുന്ന പരാതികൾ സമയ ബന്ധിതമായി പരിഹരിക്കുന്നെന്ന് ഉറപ്പാക്കാനും മന്ത്രി നിർദ്ദേശിച്ചു.സാധന സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്താനുള്ള നടപടികൾ സ്വീകരിക്കാനും,അധികം സാധനങ്ങളുള്ള ഓഫീസുകളിൽ നിന്നും മറ്റ് ഓഫീസുകളിലേക്ക് ആവശ്യകത അനുസരിച്ച് സാധനങ്ങൾ എത്തിക്കാനും നിർദ്ദേശം നല്കി.റിംഗ് മെയിൻ യൂണിറ്റ്, പോസ്റ്റ്, ട്രാൻസ്ഫോർമറുകൾ, വൈദ്യുതി കമ്പി,സോളാർ നെറ്റ് മീറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താനും തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |