അക്ഷരങ്ങളെക്കാൾ ചില സന്ദർഭങ്ങളിൽ മനസിൽ തറയ്ക്കുന്നതും മായാതെ നിൽക്കുന്നതുമാണ് ചിത്രങ്ങൾ. ആധുനിക കേരളത്തെക്കുറിച്ച് പറയുമ്പോൾ നേട്ടങ്ങളാണ് ഏറെയെങ്കിലും കയറിനാൽ വരിഞ്ഞുമുറുക്കപ്പെട്ട്,നിസഹായനായി നിൽക്കുന്ന അട്ടപ്പാടി സ്വദേശിയായ ആദിവാസി യുവാവ് മധുവിന്റെ ചിത്രം കൂടി ഓർമ്മയിൽ വരും. അതുംകൂടി ചേർന്നതാണ് നമ്മൾ പല മേഖലകളിലും കൈവരിച്ച നേട്ടങ്ങളുടെ പേരിൽ മേനി നടിക്കുന്ന ആധുനിക കേരളം. യു.പിയും ബീഹാറുമൊന്നും അധികം അകലെയല്ലെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നതാണ് അട്ടപ്പാടിയിലെ മധുവിന്റെ മുഖം. വിക്ടർ യൂഗോയുടെ കഥാപാത്രമായ ജീൻവാൽജീൻ, വിശന്നപ്പോൾ ഒരു കഷണം റൊട്ടിയാണ് മോഷ്ടിച്ചത്. മധുവാകട്ടെ ഇത്തിരി അരിയും. വിശപ്പ് പാരീസിലും അട്ടപ്പാടിയിലും ഒരുപോലെയാണ്.
കേരളത്തിലെ ആദിവാസികൾ പണമില്ലാത്തവരാണ്. സാക്ഷരത കുറഞ്ഞവരാണ്. അവകാശങ്ങളെക്കുറിച്ച് അജ്ഞരാണ്. നല്ല വീടും നല്ല ഭക്ഷണവും നല്ല വസ്‌ത്രവും ഇല്ലാത്തവരാണ്. നമ്മുടെ അധികാരവർഗം ഇവരുടെ ക്ഷേമത്തിനുവേണ്ടി ചെലവഴിച്ച കോടികൾ എണ്ണിയാൽ തീരില്ല. ഇതൊക്കെ എവിടെപ്പോയി? രാഷ്ട്രീയക്കാരുടെയും ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റുകളിലേക്കാണ് അത് ഒഴുകിയത്. അട്ടപ്പാടി എന്ന സ്ഥലംകൊണ്ടു മാത്രം കോടീശ്വരന്മാരായവരും ലക്ഷാധിപതികളായവരും വാർത്തകളിൽ നിറയുന്നവരല്ല! ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ മർദ്ദനം ഇത്രയധികം ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു സമൂഹമില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥർ യൂണിഫോമുമണിഞ്ഞ് കാട്ടിലേക്കു വരുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് കാട്ടിൽ കഴിഞ്ഞ മുതുമുത്തച്ഛന്മാരുടെ പിന്മുമുറക്കാരാണ് അവർ. ആധുനിക വികാസം നേടിയ സമൂഹത്തിൽ നിന്ന് ഇത്രയധികം മാറിത്താമസിച്ചിട്ടും അവിടെച്ചെന്ന് അവരുടെ സ്വസ്ഥത നശിപ്പിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന്റെ വിനോദങ്ങളിലെ മുന്തിയ ഇനങ്ങളിൽ ഒന്നുമാത്രം.
ഈ മനോഭാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിജു എന്ന ഇരുപതുകാരൻ. കല്ലിൽ കാൽതട്ടി വീണ യുവാവ് വാഹനത്തിനു മുന്നിലേക്ക് ചാടിയെന്നാരോപിച്ചാണ് ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. പോസ്റ്റിൽ കെട്ടിയിട്ടാണ് ആദിവാസി യുവാവിനെ മൃഗീയമായി മർദ്ദിച്ചത്. മർദ്ദിച്ചവർ തന്നെ ചിത്രം പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ നമ്മുടെ ഏമാന്മാർ ഇതൊന്നും അറിയാതെ പോകുമായിരുന്നു. ആദിവാസിയെ കെട്ടിയിട്ട് തല്ലാമെന്നും, അത് പകർത്തി നാട്ടുകാരെ അറിയിച്ചാലും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നുമുള്ള ഹുങ്ക് പുലർത്തുന്നവരാണ് അക്രമികൾ. സംഭവം നടന്നിട്ട് മൂന്നുദിവസമായി. ഈ ചിത്രം പുറത്തുവരുന്നതുവരെ പൊലീസ് അനങ്ങിയില്ല. വിവാദമായപ്പോൾ പ്രതികളെ പിടികൂടിയിട്ടുണ്ട്.
പൊലീസിന് നേരത്തേ തന്നെ ഇവരെ അറിയാമായിരുന്നു. കാരണം വാഹനത്തിന്റെ ചില്ല് തകർത്തെന്നാരോപിച്ച് വാഹനത്തിന്റെ ഡ്രൈവറും ക്ളീനറും പേരുവച്ച് പരാതി നൽകിയിരുന്നു. അന്വേഷിക്കാതെ പൊലീസ് വെറുതെയിരുന്നു. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ പ്രാഥമിക ചികിത്സ മാത്രം നൽകി യുവാവിനെ വീട്ടിലേക്ക് അയയ്ക്കുകയാണ് ചെയ്തത്. ഇതും ഗുരുതര വീഴ്ചയാണ്. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ കൂടിയതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാവങ്ങൾക്കു വേണ്ടിയുള്ളതല്ല നിയമവും നീതിയും ചികിത്സയുമെന്നൊക്കെ തെളിയിക്കുന്ന സംഭവമാണിത്. അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ടു; ഷിജു കൊല്ലപ്പെട്ടില്ല- അത്രയേയുള്ളൂ വ്യത്യാസം. മാനവികതയിലും മനുഷ്യത്വത്തിലും ഊന്നിയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അഭാവമാണ് ഇത്തരം കാടൻ നീതികൾ സമൂഹത്തിൽ ആവർത്തിക്കപ്പെടാൻ ഇടയാക്കുന്നത്. ഇതിനി എന്ന് മാറുമെന്ന് ആരോട് ചോദിക്കാൻ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |