
കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബേറ്. കെഎസ്‌യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനുനേർക്കായിരുന്നു ആക്രമണം. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ ബാലൻ റിമാൻഡിലാണ്.
അതിനിടെ കണ്ണൂരിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് പുലർച്ചെ നാലുമണിയോടെ ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലേതാണ് തീരുമാനം. റോഡ് മാർഗമാണ് മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. മന്ത്രി സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്.
ഇന്നലെ രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടിരുന്നു. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |