തിരുവനന്തപുരം: മലയാള ഭാഷയുടെ വ്യാപനത്തിനും പരിപോഷണത്തിനുമായി നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നിഷേധിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. 2015 ഡിസംബറിൽ പാസാക്കിയതാണ് ബിൽ. ബില്ലിന് അനുമതി നിഷേധിക്കുന്നതായുള്ള രാഷ്ട്രപതിയുടെ സന്ദേശം കഴിഞ്ഞ ദിവസം രാജ്ഭവനിൽ ലഭിച്ചു.
മലയാളം ഔദ്യോഗിക ഭാഷയാക്കാനുള്ള ബിൽ, തമിഴും കന്നഡയുമടക്കം ഭാഷാന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ഹനിക്കുമോയെന്ന സംശയത്തിലാണ് ഗവർണറായിരുന്ന പി.സദാശിവം രാഷ്ട്രപതിക്കയച്ചത്. പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാവാനിടയുള്ളതിനാൽ ബില്ല് രാഷ്ട്രപതിക്കയയ്ക്കാൻ നിയമ വകുപ്പും ശുപാർശ ചെയ്തിരുന്നു. ഇതിലാണ് രാഷ്ട്രപതിയുടെ തീരുമാനമുണ്ടായത്.രാഷ്ട്രപതി അനുമതി നിഷേധിച്ച ഉത്തരവ് സഹിതം ബിൽ സർക്കാരിലേക്ക് ഗവർണർ തിരിച്ചയയ്ക്കും. ഇതിന്മേൽ ഇനി നടപടികൾ അസാദ്ധ്യമാണ്. 1969ലെ ഔദ്യോഗിക ഭാഷ ആക്ട് പ്രകാരം കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷോ അല്ലെങ്കിൽ മലയാളമോ ആണ്. ഇത് റദ്ദാക്കി മലയാളം മാത്രമാക്കാനാണ് ബിൽ നിയമസഭ പാസാക്കിയത്. ആഭ്യന്തര മന്ത്രാലയം ഉന്നയിച്ച സംശയങ്ങളിൽ വ്യക്തത വരുത്തി 2024 ഏപ്രിൽ ഒന്നിന് ഗവർണർ മുഖേന കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു.
ബില്ലിലെ വ്യവസ്ഥകൾ :- സ്കൂളിൽ മലയാളം ഒന്നാം ഭാഷയാക്കുക, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ മലയാള ഭാഷാ വികസന വകുപ്പാക്കുക,ബില്ലുകൾ, പാസാക്കുന്ന നിയമങ്ങൾ, ഗവർണറുടെ ഉത്തരവുകൾ, ജില്ലാ കോടതി ഭാഷ, പെറ്റിക്കേസുകളിലെയും അർധ ജുഡീഷ്യൽ സ്ഥാപനങ്ങളുടെയും വിധി, പിഎസ്‌സി പരീക്ഷ എന്നിവ മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ സംവരണം ,സ്വയംഭരണ, സഹകരണ പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് രേഖപ്പെടുത്തുന്ന ബോർഡുകൾ, വാഹനങ്ങളുടെ ബോർഡുകൾ എന്നിവ മലയാളത്തിലാക്കുക, ഉൽപ്പന്നങ്ങളിൽ മലയാളത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുക.
ഇനിയുമുണ്ട്
ഒരു ബിൽ
2022 ഡിസംബറിൽ പാസാക്കിയ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. കേന്ദ്രനിയമത്തിന് വിരുദ്ധമായ വ്യവസ്ഥകളുള്ളതിനാലാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |