ന്യൂഡൽഹി: ഒാപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിന് നേതൃത്വം നൽകുന്ന ശശി തരൂർ വിദേശത്തും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായ പ്രസ്‌താവന തുടരുന്നതിൽ കോൺഗ്രസിൽ അമർഷം. നരേന്ദ്രമോദിയുടെ കാലത്ത് ആദ്യമായി നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചെന്ന പ്രസ‌്‌താവനയാണ് പുതിയ വിവാദത്തിന് അടിസ്ഥാനം.
ഇന്ത്യയിൽ തിരിച്ചെത്തുംമുമ്പ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ, സൂപ്പർ ബി.ജെ.പി വക്താവോ ആക്കുമെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് പരിഹസിച്ചു. കോൺഗ്രസിന്റെ സുവർണ ചരിത്രത്തെ തരൂർ അപമാനിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ 1965ൽ നിരവധി തവണ പാകിസ്ഥാനിലേക്ക് കടന്നുകയറി. 1971ൽപാകിസ്ഥാനെ രണ്ടാക്കി. യു.പി.എ കാലത്തും നിരവധി തവണ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെങ്കിലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചില്ലെന്നും ഉദിത് രാജ് പറഞ്ഞു. മുതിർന്ന നേതാക്കളായ ജയറാം രമേശും പവൻ ഖേരയും ഉദിത് രാജിന്റെ എക്‌സ് പോസ്റ്റ് പങ്കിട്ടു.
തരൂരിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ യു.പി.എ കാലത്ത് നിരവധി സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറയുന്ന ഒരു വീഡിയോ കോൺഗ്രസ് വക്താവ് പവൻ ഖേര എക്‌സിൽ പോസ്റ്റു ചെയ്‌തു. അതിനൊപ്പം തരൂരിനെ ടാഗു ചെയ്‌ത് അതൃപ്‌തി വ്യക്തമാക്കി. 1965 ൽ പാകിസ്ഥാനിലെ പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്ത്യൻ സൈനികർ നിൽക്കുന്ന ചിത്രങ്ങളും പവൻ ഖേര പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |